
ശബരിമല : മകരവിളക്ക് ദർശനത്തിന് സന്നിധാനത്ത് 15 വ്യൂ പോയിന്റുകളുണ്ടാകും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു. സന്നിധാനത്ത് തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പമ്പയിലും തീർത്ഥാടന പാതയിലും ഭക്തരെ തടയുന്നുണ്ട്. 14 നാണ് മകര വിളക്കും മകര സംക്രമപൂജയും. ഈ ദിവസമാണ് ഏറ്റവും കൂടുതൽ തിരക്കുണ്ടാവുക.
സന്നിധാനത്ത് തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണർ
ഹൗസ് മുറ്റം, എൻസിറനേറ്റർ, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന്റെ പിന്നിലെ വിശാലമായ ഗ്രൗണ്ട്, ദർശൻ കോംപ്ളക്സ് പരിസരം, ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗർ, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാൻ സൗകര്യമുള്ളത്. സന്നിധാനത്ത് ഏറ്റവും കൂടുതൽ ഭക്തർ തങ്ങുന്നത് പാണ്ടിത്താവളം മേഖലയിലാണ്. ഇവിടെ ദേവസ്വം ബോർഡ് ബാരിക്കേഡ് സ്ഥാപിക്കും. കുടിവെള്ളം, ഭക്ഷണം, ശുചിമുറി സൗകര്യം, വെളിച്ചം, മെഡിക്കൽ സേവനം എന്നിവയും ഒരുക്കും. എല്ലാ വ്യൂ പോയിന്റുകളിലും പൊലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംവിധാനങ്ങളും ഉറപ്പാക്കും. ഇതര സംസ്ഥാന പൊലീസും കേന്ദ്ര സേനകളും രംഗത്തുണ്ട്.
പമ്പയിൽ ഹിൽടോപ്പിൽ
1 പമ്പയിൽ ഹിൽടോപ്പിൽ മാത്രമാണ് മകര വിളക്ക് ദർശനത്തിന് സൗകര്യമുള്ളത്. ശബരിമലയ്ക്ക് പുറത്ത് അട്ടത്തോട്, ആങ്ങമൂഴി പഞ്ഞിപ്പാറ, ഇലവുങ്കൽ , നെല്ലിമല, ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകര വിളക്ക് ദർശനത്തിന് സൗകര്യമുണ്ട്.
2 സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ സുജിത് ദാസിന്റെ നേതൃത്വത്തിലാണ് വ്യൂ പോയിന്റുകളിൽ സുരക്ഷയൊരുക്കുന്നത്. വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |