നീലേശ്വരം: നീലേശ്വരം നഗരസഭയുടെ പുതിയ ഭരണസമിതി 100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ നടപ്പാക്കുമെന്ന് ചെയർമാൻ പി.പി മുഹമ്മദ് റാഫി. നടപ്പിലാക്കുന്ന 100 പദ്ധതികളും ചെയർമാൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതോടൊപ്പം തന്നെ നീലേശ്വരം നഗരത്തിന്റെ സമഗ്രമായ വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ വരും വർഷങ്ങളിൽ ആവിഷ്ക്കരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
രാജാ റോഡിന്റെ വികസനത്തിലൂടെ മാത്രമേ നീലേശ്വരത്തിന്റെ സമഗ്ര വികസനം സാധ്യമാവുകയുള്ളൂ. സർക്കാർ കിഫ് ബി മുഖേന 40 കോടി രൂപ രാജാ റോഡ് വികസനത്തിനും കച്ചേരിക്കടവ് പാലത്തിനും അനുവദിച്ചിട്ടുണ്ട്. കച്ചേരി കടവുപാലത്തിന്റെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണുള്ളത്. വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളും കെട്ടിടം പൊളിച്ചു അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്ന ഖ്യാതിയുള്ള നീലേശ്വരത്തിന് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന ഗവ. 9 കോടി രൂപ ചെലവഴിച്ച് കോട്ടപ്പുറത്ത് ആരംഭിച്ച ഹൗസ് ബോട്ട് ടെർമിനലും പാലായി ഷട്ടർ കം ബ്രിഡ്ജും അഴീത്തല ടൂറിസം പദ്ധതിയും വിപുലീകരിക്കാൻ നഗരസഭ മുൻകൈയെടുക്കും. അതോടൊപ്പം തന്നെ തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകളും പരിശോധിക്കും. നീലേശ്വരം നഗരത്തിലേക്ക് സ്വകാര്യ നിക്ഷേപരെ ആകർഷിക്കുന്നതിനായി സംരംഭകത്വ മീറ്റ് സംഘടിപ്പിക്കുകയും നിക്ഷേപകർക്ക് നിയമസനുസൃതമായ സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി കൊടുക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും. നീലേശ്വരത്തെ ഗതാഗത സംവിധാനങ്ങൾ മികവുറ്റ താക്കാൻ വിവിധ മോട്ടോർ തൊഴിലാളികൾ, വ്യാപാരികൾ, പൊതുജനങ്ങൾ, എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. ഫെബ്രുവരി അവസാനത്തോടെ ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തീകരിച്ച് ബസുകൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ പി.എം സന്ധ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ.ചന്ദ്രൻ, ഷമീന മുഹമ്മദ്, ഇ.ചന്ദ്രമതി, എ.വി.സുരേന്ദ്രൻ, കെ.സതീശൻ എന്നിവരും സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |