
തൃശൂർ: നഗരത്തെ സംസ്ഥാനത്തെ ശ്രദ്ധേയമായ വനിതാ - ശിശു സൗഹൃദമാക്കാനുളള നടപടികൾക്ക് തുടക്കമിട്ടതായി കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ. കേരളകൗമുദി തൃശൂർ യൂണിറ്റ് ഓഫീസ് സന്ദർശിച്ചശേഷം പത്രാധിപസമിതി അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മേയർ. ഷീ ടോയ്‌ലറ്റ്, ഷീ ലോഡ്ജ് തുടങ്ങിയവ കൂടുതൽ സ്ഥാപിക്കാനുളള ശ്രമങ്ങളുണ്ടാകും. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാനുളള സാഹചര്യങ്ങളുണ്ടാക്കും. പുതിയ പദ്ധതികൾക്ക് സ്ഥലം കിട്ടാനാണ് പ്രയാസം. ജനറൽ ആശുപത്രിക്ക് സമീപം സ്ത്രീകൾക്കും കുട്ടികൾക്കുമായുളള ബ്ലോക്ക് ഉടൻ പ്രവർത്തനം തുടങ്ങാനുള്ള നടപടി സ്വീകരിക്കും. ഈ ബ്ലോക്ക് എന്തുകൊണ്ട് 10 കൊല്ലമായി തുറന്നിട്ടില്ല എന്നത് ചോദ്യചിഹ്നമാണ്. 184 കോടി രൂപ കിഫ്ബിയുടേതായി ജനറൽ ആശുപത്രിക്ക് ലഭ്യമാകും. യന്ത്രസാമഗ്രികൾ അടക്കം ജനറൽ ആശുപത്രിയിലേക്ക് വേണം. ഇക്കാര്യങ്ങൾ സംസ്ഥാന ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
പൂരവും വനിതാസൗഹൃദം
പരമാവധി സ്ത്രീകൾക്ക് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന തൃശൂർ പൂരം കാണാനുള്ള അവസരങ്ങളുണ്ടാക്കും. കാലാവധി കഴിഞ്ഞ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലിസ്റ്റ് എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം.
കലാേത്സവത്തിന് കുടിവെള്ള ഉറപ്പാക്കും
കലോത്സവത്തിന് കുടിവെള്ള വിതരണവും സംഭാര വിതരണവുമുണ്ടാകും. നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിനാൽ സുരക്ഷിതത്വത്തിന് മുൻഗണനയുണ്ടാകും. തേക്കിൻകാട് മൈതാനത്തിലെ ഫയർസംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തും.
റെയിൽവേ പാർക്കിംഗിലെ തീപിടിത്തം:
ഇടപെടലുകൾ തുടരും: ഡെപ്യൂട്ടി മേയർ
റെയിൽവേ പാർക്കിംഗ് ഏരിയയിലെ തീപിടിത്തമുണ്ടായ ഉടനെ ചട്ടങ്ങൾ ലംഘിച്ചാണ് ഷെഡ് പണിതതെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. ഈ ചട്ടങ്ങളിൽ ഇളവുണ്ടെന്നായിരുന്നു റെയിൽവേ മറുപടി. ഇക്കാര്യം കൂടുതൽ പഠിച്ച് നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ നടപടികളും ഇടപെടലുകളും തുടരും. ജനറൽ ആശുപത്രിയിലെ പാർക്കിംഗ് സംബന്ധിച്ച് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഫീസിലെത്തി മേയറും ഡെപ്യൂട്ടി മേയറും
തൃശൂർ: തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയർ എ.പ്രസാദും കേരളകൗമുദി തൃശൂർ ഓഫീസ് സന്ദർശിച്ചു. ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ ഇരുവരേയും സ്വീകരിച്ചു. കേരളകൗമുദി തൃശൂർ യൂണിറ്റ് പുറത്തിറക്കുന്ന കലോത്സവം സ്പെഷ്യൽ ബുക്കിന്റെ മുഖച്ചിത്രം പ്രകാശനം ചെയ്തും തൃശൂരിന്റെ വികസനസ്വപ്നങ്ങൾ പങ്കുവച്ചുമായിരുന്നു ഇരുവരും മടങ്ങിയത്. കേരളകൗമുദി തൃശൂർ യൂണിറ്റ് ബിസിനസ് ഹെഡ് ഷാജി പത്മനാഭൻ, സീനിയർ പരസ്യ മാനേജർ പി.ബി.ശ്രീജിത്ത്, ബ്യൂറോചീഫ് ഭാസി പാങ്ങിൽ, സർക്കുലേഷൻ മാനേജർ എ.യേശുദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |