
ആലപ്പുഴ : മന്ത്രിതലത്തിൽ രണ്ടു തവണ നടത്തിയ ചർച്ചകളിൽ കൈക്കൊണ്ട തീരുമാനങ്ങളും മിനിമം കൂലി 700 രൂപയാക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികാ വാഗ്ദാനവും പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളികൾ കുടുംബസമേതം സമരത്തിനിറങ്ങുന്നു. സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ, 31ന് ആലപ്പുഴ ഡി.ഡി ഓഫീസിനു മുമ്പിലാണ് ഇടതുമുന്നണിയുടെ ഭാഗമായ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) 'കുടുംബസമരം' സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ട ആനുകൂല്യങ്ങളെങ്കിലും നേടിയെടുക്കാൻ വേണ്ടിയാണ് വീണ്ടും സമരത്തിനിങ്ങുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അദ്ധ്യയന വർഷം മാത്രം നൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടമായതായി വിവിധ യൂണിയനുകൾ പറയുന്നു. 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്.150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം പാചകം ചെയ്യാൻ ഒരാളെക്കൊണ്ട് സാധിക്കില്ല. ജോലിഭാരം കുറയ്ക്കാൻ പാചകത്തൊഴിലാളികൾ തന്നെ സഹായിയായി ഒരാളെ നിയമിക്കും. ശമ്പളത്തിന്റെ പകുതി സഹായിക്ക് നൽകും. 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന നിലയിലേക്ക് മാറ്റണമെന്ന ആവശ്യവും സർക്കാർ നടപ്പിലാക്കിയിട്ടില്ല. പുതുക്കിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണം തയ്യാറാക്കാൻ ആവശ്യത്തിന് തൊഴിലാളികളില്ല. അതിനിടെ കൂലി വൈകുന്നതും പതിവാണ്. കേന്ദ്രനിയമ പ്രകാരം 1000രൂപയാണ് പ്രതിമാസ ഓണറേറിയം. 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും നൽകണം. എന്നാൽ, 22 ദിവസം ജോലി ചെയ്താൽ ദിവസം 600 രൂപ നിരക്കിൽ 13,200 രൂപ സംസ്ഥാനം നൽകുന്നുണ്ട്.
വാഗ്ദാനങ്ങൾ ജലരേഖ
# 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന വ്യവസ്ഥ
#മിനിമം കൂലി 700രൂപ
#ഐ.ഡി കാർഡ്, ഏപ്രൺ എന്നിവ വിതരണം ചെയ്യും
# ബാങ്ക് മുഖേന ഇൻഷ്വറൻസ് പദ്ധതി
തൊഴിലാളികൾ: 13453
ദിവസശമ്പളം: 600രൂപ
ഉത്സവബത്ത: 1300രൂപ
അവധിക്കാല അലവൻസ്: 2000രൂപ
സ്ക്കൂൾ പാചക തൊഴിലാളികളുടെ കുടുംബാംഗങ്ങൾ കൂടി പങ്കെടുക്കുന്ന 'കുടുംബസമരം' നടത്താൻ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളെങ്കിലും നേടിയെടുക്കാൻ വേണ്ടിയാണ് സമരം
- ബി. നസീർ, യൂണിയൻ ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |