
വിതുര: ബോണക്കാട് മലനിരകളെ ഭക്തിസാന്ദ്രമാക്കി ഇക്കൊല്ലത്തെ അഗസ്ത്യാർകൂട സീസൺ ട്രക്കിംഗിന് തുടക്കം കുറിച്ചു. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഓഫീസർ ശ്യാംമേഹൻലാൽ ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സലിൻജോസ് എന്നിവർ പങ്കെടുത്തു. ഇക്കുറി രണ്ട് ഘട്ടങ്ങളായാണ് ട്രക്കിംഗ് നടക്കുന്നത്. ആദ്യഘട്ടം 31വരെയും രണ്ടാംഘട്ടം ഫെബ്രുവരി 1ന്ആരംഭിച്ച് 11വരെ നടക്കും.ഓൺലൈൻ വഴിയാണ് പ്രവേശനാനുമതി. രണ്ടാംഘട്ട തീർത്ഥാടനത്തിനുള്ള ബുക്കിംഗ് 23ന് രാവിലെ 11ന് ആരംഭിക്കും. തീർത്ഥാടകർക്കൊപ്പം ഗൈഡുകളുമുണ്ടാകും.
വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യാനോ,മദ്യം,പുകയില എന്നിവ ഉപയോഗിക്കോനോ ഔഷധസസ്യങ്ങൾ ശേഖരിക്കാനോ അനുവാദമില്ല. സന്ദർശകർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം.നിലവിൽ ബോണക്കാട് വനമേഖലയിൽ കാട്ടാനയുടെയും,കാട്ടുപോത്തിന്റെയും ശല്യം വർദ്ധിച്ചിട്ടുള്ളതിനാൽ തീർത്ഥാടകർ ജാഗ്രത പാലിക്കണം. കൂടുതൽ പേർക്ക് സന്ദർശനാനുമതി നൽകണമെന്ന തീർത്ഥാടകരുടെ ആവശ്യം വനപാലകർ പരിഗണിച്ചില്ല.
കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യാർകൂടം. എല്ലാ വർഷവും മകരവിളക്ക് ദിനത്തിലാണ് അഗസ്ത്യാർകൂട ട്രക്കിംഗ് ആരംഭിക്കുന്നത്. ശിവരാത്രി ദിനത്തിൽ സമാപിക്കും. ട്രക്കിംഗിന് എത്തുന്നവർ അഗസ്ത്യമലയിലുള്ള അഗസ്ത്യമുനിയുടെ പ്രതിമക്ക് മുന്നിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് മടങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |