
കോട്ടയം : വിലയുള്ളപ്പോൾ വിളവില്ല, മികച്ച വിളവിൽ വിലയും. ജില്ലയിലെ ഏത്തവാഴ കർഷകർക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം. പരമാവധി 30 -35 രൂപയാണ് കർഷകർക്ക് കിട്ടുന്നത്. വളംവിലയും കൂലിയും മറ്റ് കഷ്ടപ്പാടും ചേരുമ്പോൾ കിലോയ്ക്ക് 50 രൂപയെങ്കിലും കിട്ടണം. കഴിഞ്ഞ വർഷം ഈ സമയം കിലോയ്ക്ക് 80- 90 വരെ രൂപയായിരുന്നു വില. അന്ന് കാലാവസ്ഥാ വ്യതിയാനം മൂലം നാടൻ കായ കിട്ടാനില്ലായിരുന്നു. ഇന്ന് നാടനെ പുറമേ തമിഴ്നാട്ടിൻ നിന്ന് വ്യാപകമായി ഏത്തക്കുലകൾ എത്തുന്നുണ്ട്. വിളവെടുപ്പ് കൂടുമ്പോൾ വില ഇനിയും കുറയുമോയെന്നതാണ് ആശങ്ക. ജില്ലയിൽ നെടുംകുന്നം, കറുകച്ചാൽ, കുറവിലങ്ങാട് മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. നിരവധി കർഷകർ ഇപ്പോഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. സ്വാശ്രയ കർഷക വിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് 50 രൂപയിൽ താഴെയാണ് വില. കായുടെ വില കുറഞ്ഞെങ്കിലും പഴംപൊരിയ്ക്കും, ഉപ്പേരിക്കുമൊന്നും കൂട്ടിയ വില കുറച്ചിട്ടില്ല. വിലകുറച്ച് വാങ്ങി ഉപ്പേരി തയ്യാറാക്കി സൂക്ഷിക്കുന്നവരുമുണ്ട്.
തറവില നിശ്ചയിച്ചാൽ ആശ്വാസം
തറ വില നിശ്ചയിക്കുകയോ സർക്കാർ ഇടപെടുകയോ ചെയ്യണമെന്ന ആവശ്യമാണ് കർഷകർക്ക്. നിലവിലെ അവസ്ഥയിൽ പരിപാലനച്ചെലവ് അടക്കം ഒരു വാഴയ്ക്ക് 350- 400 രൂപ വരെയാണ് കർഷകന്റെ ചെലവ്. പരമാവധി കിട്ടുക ഒരു പത്ത് കിലോയുടെ കുല. ഇതിന് പുറമേ കൂമ്പടഞ്ഞും രോഗം ബാധിച്ചും വാഴകൾ നശിക്കും. റബർ വില ഇടിഞ്ഞതോടെ നിരവധി കർഷകരാണ് വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. വിത്തും വളവും വിലയ്ക്ക് വാങ്ങിയാണ് കൃഷി. വാഴവിത്ത് ഇപ്പോൾ എല്ലാ ഇനങ്ങൾക്കും 20, 25 രൂപയാണ് വില.
മടുത്തു ഇനിയും വയ്യ !
പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു
വളത്തിന് ഉണ്ടായ വില വർദ്ധനവും തിരിച്ചടിയായി
കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടം
തമിഴ് ഏത്തക്കുലകൾ പെട്ടി ഓട്ടോകളിൽ സുലഭം
ഏത്തക്കായ വില: 50
കർഷകർക്ക് : 35
'' കഴിഞ്ഞ പ്രകൃതി ക്ഷോഭത്തിൽ നശിച്ച കൃഷിയുടെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് വിലയിടിവ്. -വി.ജോസഫ്, കുറവിലങ്ങാട്, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |