പാലക്കാട്: ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ ചികിത്സാ പരിപാടിയുടെ(എം.ഡി.എ) ഫലപ്രാപ്തി പരിശോധിക്കാനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ(ആരോഗ്യം) നേതൃത്വത്തിൽ ട്രാൻസ്മിഷൻ അസസ്‌മെന്റ് സർവേ(ടി.എ.എസ്) നടത്തും. സർവേയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മുണ്ടൂർ ഗവ എൽ.പി സ്‌കൂളിൽ രാവിലെ 10ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ.കെ.ഷീലാദേവി നിർവഹിക്കും.
മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലെറിയ വിരകൾക്കെതിരെ സമൂഹത്തിലെ മുഴുവൻ ആളുകൾക്കും ഒരു ദിവസം തന്നെ ഗുളിക നൽകി, വിരസാന്ദ്രത കുറച്ച് രോഗസംക്രമണം തടയുന്നതിനുള്ള പരിപാടിയാണ് സമൂഹ ചികിത്സാ പരിപാടി (മാസ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അഥവാ എം.ഡി.എ). 2004 മുതൽ ജില്ലയിൽ നടത്തിയ എം.ഡി.എ ചികിത്സയുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ആറു വയസിനും ഏഴു വയസിനും ഇടയിലുള്ള കുട്ടികൾക്കിടയിൽ സർവേ നടത്തുക എന്നതാണ് അടുത്തഘട്ടം. ജില്ലയിലെ ഏഴ് പരിശോധനാ യൂണിറ്റുകളിലായി ഒരു യൂണിറ്റിൽ നിന്നും 30 സ്‌കൂളുകൾ എന്ന നിലയിൽ 210 സ്‌കൂളുകളിലാണ് സർവേ നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയാണ് ട്രാൻസ്മിഷൻ അസസ്‌മെന്റ് സർവേ സംഘടിപ്പിക്കുന്നത്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ സംഘം വിദ്യാലയങ്ങളിൽ എത്തി കുട്ടികളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലയിൽ മന്ത് രോഗത്തിന്റെ നിലവിലെ വ്യാപനതോത് കണ്ടെത്തുക, തുടർ നടപടികൾ സ്വീകരിക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. സർവേ വിജയകരമായി പൂർത്തീകരിക്കാൻ എല്ലാ സഹായ സഹകരണങ്ങളും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം ) ഡോ. ടി.വി.റോഷ് അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |