കോഴിക്കോട്: ജനുവരി അവസാനത്തോടെ സ്ഥാനാർത്ഥി നിർണയം, ഫെബ്രുവരി ഏഴിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന കേരളയാത്ര മണ്ഡലങ്ങളിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ രംഗത്തിറക്കൽ. ഇതായിരുന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ 'പൊളിറ്റിക്കൽ പ്ലാൻ'. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ കല്ലുകടി വന്നതോടെ സതീശന്റെ യാത്രയ്ക്കു ശേഷമേ ചിത്രം തെളിയൂവെന്ന് ഉറപ്പായി. അതേസമയം സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ളവർ മണ്ഡലങ്ങളിൽ സജീവമാകണമെന്ന് കെ.പി.സി.സിയുടെ നിർദ്ദേശമുണ്ട്. അതുപ്രകാരം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ കൊയിലാണ്ടി ഉറപ്പിച്ചു കഴിഞ്ഞു. കോഴിക്കോട്ടെ നഷ്ടപ്രതാപം വീണ്ടെടുക്കലാണ് കോൺഗ്രസിന്റെ ലക്ഷ്യം. ആറു സീറ്റുകളാണ് കോൺഗ്രസ് നോട്ടമിട്ടിരിക്കുന്നത്.
കൊയിലാണ്ടി
കോട്ടയെന്ന് കോൺഗ്രസുകാർ വിശേഷിപ്പിക്കുന്ന കൊയിലാണ്ടിയിൽ പക്ഷേ, അവസാനമായി ഒരു കോൺഗ്രസുകാരൻ കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചത് 2001ലാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നാലായിരത്തിനടുത്ത് വോട്ടിന് കൊയിലാണ്ടിയിൽ യു.ഡി.എഫ് മുന്നിലെത്തിയത് കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. കെ.പ്രവീൺകുമാറിന്റെയും മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകളാണ് കൊയിലാണ്ടിയിൽ പരിഗണിക്കുന്നത്.
നാദാപുരം
മുസ്ലിംലീഗിൽ നിന്ന് സീറ്റ് ഏറ്റെടുത്ത ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയമറിഞ്ഞ നാദാപുരം ഇത്തവണ പിടിക്കാൻ തന്നെയാണ് തീരുമാനം. മുല്ലപ്പള്ളിയുടെയും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്തിന്റെയും പേരുകൾക്കാണ് മുൻതൂക്കം.
എലത്തൂർ
ജില്ലയിൽ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ട. തദ്ദേശത്തിൽ പോലും പതിനായിരത്തിനടുത്ത് വോട്ടിന്റെ ലീഡ് എൽ.ഡി.എഫിന് നൽകിയ മണ്ഡലം. എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ സി.പി.എം പ്രാദേശിക ഘടകത്തിനുള്ള വികാരം മുതലാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. നിജേഷ് അരവിന്ദ്, പി.പി നൗഷീർ, വിദ്യാ ബാലകൃഷ്ണൻ എന്നീ പേരുകളാണ് ഉയരുന്നത്.
കോഴിക്കോട് നോർത്ത്
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ തിരിച്ചടിയാണ് ഇവിടെ കോൺഗ്രസിന്റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോൾ സി.പി.എമ്മിന് ലീഡ് അയ്യായിരത്തോളം മാത്രം. ത്രികോണമത്സരം നടക്കുന്ന നഗര മണ്ഡലത്തിൽ കെ.പി.സി.സി ജനറൽസെക്രട്ടറി കെ.ജയന്തിന്റെ പേരാണ് ചർച്ചയിലുള്ളതെങ്കിലും സർപ്രൈസ് സ്ഥാനാർത്ഥി വരാൻ സാദ്ധ്യത.
ബാലുശ്ശേരി
സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ വിജയിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുൻ എം.പി രമ്യ ഹരിദാസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് എന്നിവർ പരിഗണനയിൽ.
തിരുവമ്പാടി
ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന തിരുവമ്പാടി ലീഗിൽ നിന്ന് ഏറ്രെടുക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്കാണ് സാദ്ധ്യത.
''ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും ഇത്തവണ യു.ഡി.എഫ് വിജയിക്കും. ചരിത്രത്തിലാദ്യമായി കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളും സ്വന്തമാക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്""- കെ.പ്രവീൺകുമാർ, ഡി.സി.സി പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |