
ആലപ്പുഴ: ഗ്രാമീണ റോഡുകളുടെ പരിപാലനത്തിനായി മുഖ്യമന്ത്രി തദ്ദേശറോഡ് പരിപാലനപദ്ധതി ആവിഷ്കരിച്ചെങ്കിലും കരാറുകാരുടെ പണം കുടിശികയായതോടെ നിർമ്മാണവും പരിപാലനവും അവതാളത്തിലായി. ജില്ലയിലെ ചെറുതും വലുതുമായി അറുപതിലധികം റോഡുകളുടെ നിർമ്മാണമാണ് ഇതോടെ നിലച്ചത്. പഴയ റോഡിളക്കി മെറ്റലിംഗ് നടത്തിയതുൾപ്പെടെ ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കേണ്ട റോഡുകളുടെ പ്രവർത്തികൾ പണമില്ലാതെ പലഘട്ടത്തിൽ നിലച്ചതോടെ ജനങ്ങൾ ദുരിതത്തിലായി.
ഗ്രാമീണ റോഡുകളെല്ലാം ഉയർന്ന നിലവാരത്തിൽ പരിപാലിക്കുന്നതിനാണ് തദ്ദേശ റോഡ് പരിപാലനം ഏകോപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി ചെറുതും വലതുമായ റോഡുകളെല്ലാം പദ്ധതിയുടെ കീഴിലാക്കി. ജൽജീവൻ പദ്ധതിക്ക് പൈപ്പിടുന്നതിനും ഓട നിർമ്മാണത്തിനും കേബിളിംഗിനും സിറ്റി ഗ്യാസ് ലൈനും മറ്റുമായി കുത്തിപ്പൊളിച്ച റോഡുകൾ ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കാനായിരുന്നു പദ്ധതി.
കഴിഞ്ഞ ഒരുവർഷത്തിലധികമായി തകർന്നുകിടക്കുന്ന റോഡുകളാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി പദ്ധതിയിലുൾപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇവ സഞ്ചാര യോഗ്യമാക്കാനായിരുന്നു ജനപ്രതിനിധികളിൽ പലരും ആഗ്രഹിച്ചതെങ്കിലും സാമ്പത്തിക പരാധീനതകാരണം കരാറുകാർ നിസഹകരിച്ചതോടെ പണികൾ മുടങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും എം.എൽ.എമാരും ഉദ്യോഗസ്ഥരും കരാറുകാരിൽ സമ്മർദ്ദം ശക്തമാക്കുന്നുണ്ട്.എന്നാൽ, പൂർത്തിയാക്കിയ ജോലികളുടെ പണം കിട്ടാതെ പുതിയ ജോലികൾക്ക് കരാർ ഒപ്പിടാനോ, പണി ഏറ്റെടുക്കാനോ തയ്യാറല്ലെന്ന നിലപാടിലാണ് കരാറുകാർ.
കരാറുകാരുടെ
കുടിശിക:
400 കോടി രൂപ
കിട്ടാക്കടമായി കരാർ കുടിശിക
1.റീബിൽഡ് കേരളയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ പണം ലഭ്യമാക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധികാരണം ഇവിടെ നിന്ന് റോഡ് നിർമ്മാണ കരാറുകർക്ക് പണം യഥാസമയം ലഭിക്കാത്തതിനാൽ അവരിൽ പലരും പണി ഉപേക്ഷിച്ച സ്ഥിതിയാണ്. ചെറിയ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്
2. കരാർ വച്ചവർക്ക് ഒന്നും രണ്ടും ഘട്ടങ്ങളിൽ ചെലവഴിച്ച പണം പോലും കിട്ടിയില്ല.കടംവാങ്ങിയും പലിശയ്ക്കെടുത്തും വർക്കെടുത്ത കരാറുകാർ പലരും പാപ്പരായി.മെറ്റലിംഗ് പൂർത്തിയാക്കിയ റോഡുകൾ പലതും ടാറിംഗ് വൈകിയതോടെ വീണ്ടും ഗതാഗത യോഗ്യമല്ലാതായി
3. വേനൽക്കാലമാണ് റോഡ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സമയം. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ ഉണ്ടായാൽ തകർന്നുകിടക്കുന്ന പല റോഡുകളും കരാർ നൽകാനോ, നിർമ്മാണം തുടങ്ങാനോ കഴിയാത്ത സ്ഥിതിയുമുണ്ടാകും
4. പാറയും മെറ്റലുമുൾപ്പെടെ ക്വാറി ഉൽപ്പന്നങ്ങൾക്കും ടാറിനുമുണ്ടായ വില വർദ്ധനയും കരാറുകാരെ പ്രതിസന്ധിയിലാക്കി. കുടിശികയ്ക്ക് പുറമേ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം കൂടിയായതോടെ ബി.എം ബി.സി നിലവാരത്തിലുള്ള കരാറുകൾ ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്ഥിതിയാണ്
പദ്ധതിയുടെ പേര് മാറ്റിയിട്ട് കാര്യമില്ല.റോഡ് പരിപാലനത്തിൽ കരാറുകാർക്ക് ജില്ലയിൽ ലഭിക്കാനുള്ള 400 കോടിയിലധികം രൂപയുടെ ബാദ്ധ്യത തീർക്കാൻ സർക്കാർ തയ്യാറാകണം.
- കോൺട്രാക്ടേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |