
വട്ടപ്പാറ: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ വട്ടപ്പാറ പള്ളിവിളയിലെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പൂട്ടിയിട്ട് ദേഹോപദ്രവം ഏൽപ്പിച്ച് ഒന്നരലക്ഷം രൂപ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കായിക്കര ഏറത്ത് കടപ്പുറം വീട്ടിൽ വിശാഖ് (29), വട്ടപ്പാറ മുക്കാംപാലമൂട് കുന്നംപാറ അർച്ചനാ ഭവനിൽ അഖിൽ (21) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 15ന് രാവിലെ 9.30ന് ഉദ്യോഗസ്ഥനെ വട്ടപ്പാറ പള്ളിവിളയിലുള്ള ഒഴിഞ്ഞ വീട്ടിൽ കൊണ്ടെത്തിച്ച് പ്രതികൾ കത്തി കൊണ്ട് മുറിവേൽപ്പിച്ച ശേഷം ഇയാളുടെ മൊബൈൽ അപഹരിച്ച് ഗൂഗിൾ പേവഴി ആദ്യം 20,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും, ഇയാളുടെ വീഡിയോ പകർത്തി ഭാര്യക്കും മറ്റും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2,00,000രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നെ വിട്ടാൽ ബാക്കി തുക നൽകാമെന്നുള്ള ഉറപ്പിന്മേൽ ഇയാളെ വിട്ടയക്കുകയായിരുന്നു. അന്നേദിവസം 1,30,000രൂപ പ്രതികൾക്ക് കൊടുക്കുകയും ചെയ്തു. മൊബൈൽ തിരിച്ച് നൽകിയ ശേഷം വീണ്ടും 2ദിവസം കഴിഞ്ഞപ്പോൾ പണം ആവശ്യപ്പെടുകയും വിശാഖിന്റെ രണ്ടാം ഭാര്യയുടെ മകനെ ഉപയോഗിച്ചു പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. വട്ടപ്പാറ സി.ഐ ശശികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.ബിനിമോൾ എ.എസ്.ഐ ഷാഫി , സി.പി.ഒ ഗോകുൽ, ബിനോയ്, രാജീവ് എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |