ചെങ്ങന്നൂർ: വർഗീയ പരാമർശം നടത്തിയെന്ന ആരോപണത്തിൽ മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെങ്ങന്നൂരിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മന്ത്രിയുടെ ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. രാവിലെ മുതൽ തന്നെ മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്ന് ആരംഭിച്ച മാർച്ച്, ക്യാമ്പ് ഓഫീസിന് ഏകദേശം 100 മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയിൽ എത്തിയത്. പൊലീസ് പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു. പിന്നിട് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ കൊടുവല്ലൂർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് തുടങ്ങിയവർ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |