
ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് ഡ്രഡ്ജിംഗ് നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.ചന്ദ്രഗിരി ഡ്രഡ്ജറിന്റെ വാട്ടർ പമ്പ് തകരാറിലായതാണ് ഡ്രഡ്ജിംഗ് മുടങ്ങാൻ കാരണം.തകരാർ വെൽഡ് ചെയ്ത് പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് പുതിയ പമ്പ് എത്തിച്ചെങ്കിലും ഇവ ഘടിപ്പിക്കുന്ന ജോലിക്കാരുടെ അഭാവം കാരണം അതും നടന്നില്ല.
ഇതുസംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസുമായി ചർച്ച നടത്തിയെങ്കിലും, തൊഴിലാളികളെ ഉടനെത്തിക്കും എന്നല്ലാതെ ഒന്നുമുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
വിവിധ കാരണങ്ങൾ പറഞ്ഞ് ഡ്രഡ്ജിംഗ് നീളുന്നതിൽ മത്സ്യത്തൊഴിലാളികൾ കടുത്ത നിരാശയിലാണ്.ഡ്രഡ്ജിംഗ് കരാർ ഫെബ്രുവരി 19ന് അവസാനിക്കുമെങ്കിലും,അത് പുതുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.നിലവിൽ താഴംപള്ളി വടക്കേ പുലിമുട്ടിന്റെ ഭാഗത്തുള്ള മണൽ നീക്കമാണ് നടന്നത്. എതിർവശത്തുള്ള പെരുമാതുറ പുലിമുട്ടിന്റെ ഭാഗത്തെ മണൽ നീക്കം നടക്കാനുണ്ട്. അതുപോലെ അഴിമുഖപ്രവേശന കവാടത്തിലെയും. കഴിഞ്ഞവർഷം അഴിമുഖം മൂടിയതുകാരണം വള്ളങ്ങൾക്കും ബോട്ടുകൾക്കും കുറച്ചുകാലം ഇതുവഴി മത്സ്യബന്ധനത്തിന് കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അങ്ങനെയാണ് അഴീക്കലിൽ നിന്ന് ചന്ദ്രഗിരി ഡ്രഡ്ജർ ഇവിടെയെത്തിച്ചത്. ഡ്രഡ്ജറിന്റെ നിരന്തരമായുള്ള കേടുപാടുകൾ വെല്ലുവിളി ഉയർത്തുന്നുണ്ട്.
പെരുമാതുറ ഭാഗത്തെ തകർന്ന പുലിമുട്ട് പുനഃനിർമ്മിച്ച് കൊണ്ടിരിക്കുന്നതിനാലും നീളം കൂട്ടുന്നതിനാലും ,കഴിഞ്ഞവർഷത്തെ പോലെ മണൽ അടിയില്ലെന്നാണ് പറയുന്നത്.എന്നാലും മണൽനീക്കം കാര്യക്ഷമമായില്ലെങ്കിൽ,കായൽ ജലത്തിലൂടെ ഒഴുകിയെത്തുന്ന മണലും അഴിമുഖത്തെ മണലും ഒത്തുചേർന്ന് അഴിമുഖത്ത് ആഴക്കുറവ് ഉണ്ടാകാം.ഈ സാഹചര്യം മനസിലാക്കി ദ്രുതഗതിയിലുള്ള നടപടികൾ ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കാലാവസ്ഥ അനുകൂലം
മണൽ ഡ്രഡ്ജ് ചെയ്യാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്.അഴിമുഖത്ത് തിരയിളക്കം വളരെ കുറവാണ്.മൺസൂൺ കാലം മേയ് അവസാനത്തോടെ മാത്രമേ എത്തൂവെങ്കിലും,അതിനു മുന്നോടിയായി ഏപ്രിൽ മാസത്തോടെ കടൽ പ്രക്ഷുബ്ദമാകാനാണ് സാദ്ധ്യത.
ഇപ്പോൾ നടക്കുന്നത്
മുതലപ്പൊഴിയിൽ 177 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പുലിമുട്ടിന്റെ നീളം കൂട്ടാനായി 8 ടണ്ണിൽ നിർമിക്കേണ്ട 3990 ടെട്രോപോഡിൽ 1426 എണ്ണവും 10 ടണ്ണിൽ നിർമ്മിക്കേണ്ട 2205 ൽ 47 എണ്ണവും നിർമ്മിച്ചുകഴിഞ്ഞു. നിർമ്മിച്ചവ പെരുമാതുറ ഭാഗത്തെ യാർഡിലേക്ക് മാറ്റിയിട്ടുണ്ട്.പദ്ധതിയുടെ ഭാഗമായുള്ള ലേല പുരയിലെ അടിസ്ഥാന വികസനപ്രവർത്തനങ്ങൾക്ക് തുടക്കമായില്ല.
ക്യാപ്ഷൻ: പുലിമുട്ടിനായി നിർമ്മിച്ച ടെട്രോ പോഡുകൾ
തകരാറിനെ തുടർന്ന് ഡ്രഡ്ജിംഗ് നടത്താനാകാത്ത ചന്ദ്രഗിരി ഡ്രഡ്ജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |