
കാട്ടാക്കട: നൂറ്റാണ്ടിലേക്ക് അടുത്തുനിൽക്കുന്ന കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ സർക്കാർ യു.പി സ്കൂൾ ഗ്രൗണ്ട് കാടുമൂടിയ നിലയിൽ. സ്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് കാട്. കുട്ടികൾ വിശ്രമസമയങ്ങളിൽ കളിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വനമേഖലയിലെ നിരവധി ഉന്നതികളിൽ നിന്നുമുള്ള ആദിവാസി കുട്ടികളും ഇവിടെ പഠിക്കുന്നു. പകലും രാത്രിയും പന്നി, തെരുവ് നായ്ക്കൾ ഇഴജന്തുക്കൾ എന്നിവയുടെ വാസസ്ഥലമാണിവിടം.
ഒഴിവ് ദിവസങ്ങളിൽ യുവാക്കളുൾപ്പെടെ കളിച്ച് കൊണ്ടിരുന്ന ഗ്രൗണ്ടാണിത്. അതിരുപോലും അറിയാൻ കഴിയാത്ത നിലയിലാണ്. ചുറ്റുമതിലിന്റെ നിർമ്മാണോദ്ഘാടനം നടത്തിയതിന്റെ ശിലാഫലകം ചാരിവെച്ചിട്ടുണ്ടെങ്കിലും ചുറ്റുമതിൽ കെട്ടിയിട്ടില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്ന് ബൂത്തുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇഴജന്തുക്കളെ പേടിച്ചാണ് ജോലി ചെയ്തത്.
പോരായ്മകൾ പരിഹരിക്കണം
75 വർഷത്തോളം പഴക്കമുള്ള സ്കൂളിന്റെ പ്രവേശന കവാടത്തിൽ ഒരു ബോർഡ് പോലുമില്ല. ഇവിടെനിന്നും നിരവധിപേർ പഠനം പൂർത്തിയാക്കി വിവിധ ഉന്നതമേഖലകളിൽ എത്തിയിട്ടുണ്ട്. ഈ അടുത്തകാലത്താണ് കോട്ടൂർ യു.പിസ്കൂളിനെ സർക്കാർ ഏറ്റെടുത്തത്. അര നൂറ്റാണ്ടിലേറെ കാലം പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നു. നൂറ്റാണ്ടിലേക്ക് അടുത്തുനിൽക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ പ്രവേശന കവാടത്തിൽ സ്കൂളിനെ സൂചിപ്പിക്കുന്ന ബോർഡില്ലാത്തത് പൂർവ്വവിദ്യാർത്ഥികൾ വേദനയോടെയാണ് നോക്കിക്കാണുന്നത്. പോരായ്മകൾക്ക് ശാശ്വത പരിഹാരം വേണമെന്നാണ് പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |