ബ്രോസ്റ്റഡ് ചിക്കൻ ഉൾപ്പെടെ നിരവധി വിഭവങ്ങൾ
തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെയും തൊടുപുഴ നഗരസഭ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച 'ടേക്ക് എവേ" പാർസൽ കൗണ്ടർ പ്രവർത്തനമാരംഭിച്ചു. മുൻസിപ്പൽ ടൗൺ ഹാളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഷാഹുൽ ഹമീദ് നിർവഹിച്ചു. നാടൻ രുചിക്കൂട്ടുകൾക്കൊപ്പം ന്യൂജൻ വിഭവങ്ങളും കോർത്തിണക്കിയാണ് കുടുംബശ്രീ കൗണ്ടർ ഒരുക്കിയിരിക്കുന്നത്. പ്രഭാതഭക്ഷണം, ഉച്ചയൂണ്, അത്താഴം എന്നിവയ്ക്ക് പുറമെ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ബ്രോസ്റ്റഡ് ചിക്കൻ വിഭവങ്ങളും ഇവിടെ നിന്ന് മിതമായ നിരക്കിൽ പാഴ്സലായി ലഭിക്കും. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സെബാസ്റ്റ്യൻ, മൂന്നാം വാർഡ് കൗൺസിലർ ബിജി സുരേഷ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാരായ സേതുലക്ഷ്മി, അശ്വനി, വി.എ. അരുൺ, ഐ.എസ്. സൗമ്യ, കെ.വി. ബിപിൻ എന്നിവരും ബ്ലോക്ക് കോർഡിനേറ്റർമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |