
തിരുവനന്തപുരം: മ്യൂസിയം ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായുള്ള വാഹന പാർക്കിംഗ് വർദ്ധിക്കുന്നു. റോഡിലും നടപ്പാതയിലുമുള്ള പാർക്കിംഗ് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കനകക്കുന്നിലും മ്യൂസിയത്തിലും വരുന്ന ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. രാവിലെ മുതൽ വൈകിട്ട് വരെ വാഹനങ്ങൾ ഇത്തരത്തിൽ നിരത്തിയിടുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. നടപാതകൾ ഇരുചക്ര വാഹനങ്ങൾ കൈയേറിയതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. പാർക്ക് ചെയ്ത വാഹനം എടുത്തുമാറ്റാൻ വരുമ്പോൾ പലപ്പോഴും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിയും തർക്കങ്ങളും സ്ഥിരമാണ്. പാർക്കിംഗ് നിരോധിത മേഖലകളും കൈയേറിയിരിക്കുന്നു. സൈൻബോർഡുകൾ സ്ഥാപിച്ചെടുത്തും പാർക്കിംഗ് കൂടുതലാണ്. ഇത് വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു. നഗരത്തിലെ പ്രധാന മേഖലകളിലൊന്നായ മ്യൂസിയം ഭാഗത്തെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആളുകളുടെ ആവശ്യം. ദിവസവും ട്രാഫിക് സ്റ്റേഷൻ മാത്രം 700ഓളം പെറ്റിപിടിക്കുന്നതിൽ 500 എണ്ണവും വരുന്നത് അനധികൃത പാർക്കിംഗിനാണെന്ന് ട്രാഫിക് നോഡൽ ഓഫീസർ പറഞ്ഞു.
ആവശ്യങ്ങൾ
പരിശോധനകളും പിഴയും കർശനമാക്കണം
പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുക, സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക
ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 9747001099 എന്ന 'ശുഭയാത്ര' വാട്ട്‌സ്ആപ്പ് നമ്പറിൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |