
തിരുവനന്തപുരം: ഭരണ നിർവഹണ മേഖലയിൽ നിർമ്മിത ബുദ്ധിക്ക് വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മിത ബുദ്ധിയുടെ സാധ്യതകളും, സ്വാധീനവും വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള റീജിയണൽ എ.ഐ ഇംപാക്ട് കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ആഗോള നിർമ്മിത ബുദ്ധി സമ്മിറ്റിന് ക്രിയാത്മകമായ ആശയങ്ങൾ സംഭാവന ചെയ്യാൻ കോൺഫറൻസിന് സാധിച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. നിർമ്മിത ബുദ്ധി ഒരു ചെറിയ വിഭാഗത്തിന് മാത്രം ലഭ്യമായാൽ അസമത്വം സൃഷ്ടിക്കും. ജനാധിപത്യ സ്ഥാപനങ്ങൾക്ക് പകരമാകാൻ നിർമ്മിത
ബുദ്ധിക്ക് സാധിക്കില്ലെന്നും ഷംസീർ പറഞ്ഞു.
സംസ്ഥാന ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, സി ഡിറ്റ് ഡയറക്ടർ ജയരാജ്, ഐ.സി.ടി അക്കാഡമി കേരള സി.ഇ.ഒ മുരളീധരൻ മണ്ണിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യ എ.ഐ മിഷൻ സിഒഒ കവിത ഭാട്ടിയ മുഖ്യപ്രഭാഷണം നടത്തി. ആമസോൺ വെബ് സർവീസസ് ഇന്ത്യ പബ്ലിക്ക് സെക്ടർ ബിസിനസ് ഹെഡ് ഓഫ് പ്രീ സെയിൽസ് അലോക് ബൈദ്യ, കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |