
കഴക്കൂട്ടം: മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു കേരളം രാജ്യത്തിനു വഴി കാട്ടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴക്കൂട്ടം കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും സ്റ്റാർട്ടപ്പ് പ്രോത്സാഹനത്തിനും ഉതകുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണിത്. ഇതുപോലെയുള്ള 30 മികവിന്റെ കേന്ദ്രങ്ങൾ കേരളത്തിലാകെ ആരംഭിക്കും. 1,000 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് 4 സയൻസ് പാർക്കുകൾ ഒരുങ്ങുകയാണ്. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയായിക്കഴിഞ്ഞു.
സർവകലാശാലകൾ കേന്ദ്രീകരിച്ച് 200 കോടി രൂപ മുതൽമുടക്കിൽ ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾ സ്ഥാപിക്കും.. തിരുവനന്തപുരത്തെ എ.ഐ ഹബ്ബായി മാറ്റും.ദോഷകരമായ സൂക്ഷ്മാണുക്കളെ എങ്ങനെ ചെറുക്കാം, ഗുണകരമായവയെ ആരോഗ്യ പരിചരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഗവേഷണങ്ങളും പഠനങ്ങളുമാകും നടക്കുക.. പകർച്ചവ്യാധികളുടെ വ്യാപനമാണ് കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.പുതിയ പകർച്ചവ്യാധികളിൽ 70 ശതമാനത്തിലധികവും ജന്തുജന്യ രോഗങ്ങളാണ്. ഏകാരോഗ്യ സമീപനം കേരളത്തിന്റെ സുരക്ഷയ്ക്കും മുന്നേറ്റത്തിനും ഏറെ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ കെ.പി. സുധീർ, മെമ്പർ സെക്രട്ടറി പ്രൊഫ. എ.സാബു, സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ്, കെഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ ഡോ. ടി.ആർ. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |