
കോലഞ്ചേരി: ബി.ജെ.പി ബന്ധത്തിൽ പ്രതിഷേധിച്ച് ട്വന്റി 20യുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കം രാജിവച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് റസീന പരീത്,ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം ജീൽ മാവേലി,മഴുവന്നൂർ പഞ്ചായത്ത് കോ-ഓർഡിനേറ്റർ രഞ്ജു പുളിച്ചോട് തുടങ്ങിയവർ കോൺഗ്രസിനൊപ്പം ചേരുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.എം.നാസർ രാജിക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തി. നിലവിലെ ട്വന്റി20 ജനപ്രതിനിധികളൊന്നും രാജി പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽപേർ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത് വരുമെന്ന് പാർട്ടിവിട്ടവർ പറഞ്ഞു.
സംഘടനയിൽ ഒരാലോചനയും നടത്താതെയാണ് സാബു എം.ജേക്കബ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്നാണ് ആരോപണം. മാസങ്ങൾക്കുമുമ്പ് ആരംഭിച്ച തിരക്കഥയുടെ ഭാഗമാണ് സഖ്യം. സബ്സിഡിയുടെ പേരിൽ ലോയൽറ്റി കാർഡിൽ ജാതിയും മതവും തിരിച്ച് വിവരങ്ങൾ ശേഖരിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കുന്നത്തുനാട്ടിലെ ജനങ്ങളെ ബി.ജെ.പിക്ക് അടിയറ വയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ജനക്ഷേമരാഷ്ട്രീയം എന്ന മുദ്രാവാക്യത്തിൽ ആകൃഷ്ടരായാണ് തങ്ങൾ പാർട്ടിപ്രവർത്തകരായത്. മുന്നണികളെല്ലാം അഴിമതിക്കാരാണെന്നാണ് ഓരോ യോഗത്തിലും പറഞ്ഞിരുന്നത്. സാബു എം.ജേക്കബിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രനും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |