
ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിലെ ഉൗർജം ഉൾക്കൊണ്ട് യു.ഡി.എഫിന് അനുകൂലമായ സാഹചര്യം പൂർണമായി ഉപയോഗപ്പെടുത്താൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കേരള നേതാക്കളോട് ആവശ്യപ്പെട്ടു. ഇന്നലെ ഡൽഹിയിൽ ഹൈക്കമാൻഡുമായി കേരള നേതാക്കൾ നടത്തിയ ചർച്ചയിലാണിത്.
നേതാക്കൾ തമ്മിൽ മികച്ച ആശയവിനിമയം ഉറപ്പാക്കാനും ഹൈക്കമാൻഡ് നിർദ്ദേശിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചയാണ് നടത്തിയതെന്നും നിർണായക തീരുമാനങ്ങൾ 27ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ കൈക്കൊള്ളുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലായിരുന്നു യോഗം. രാഹുൽഗാന്ധി, കെ.സി.വേണുഗോപാൽ, ദീപാ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, കെ.ജെ. ജോർജ്, ഇമ്രാൻ പ്രതാപ് ഗഡി, രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി. എഫ് കൺവീനർ അടൂർ പ്രകാശ്, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്‌ണുനാഥ്, എ.പി.അനിൽ കുമാർ, ഷാഫി പറമ്പിൽ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
സ്ഥാനാർത്ഥി നിർണയം
വലിച്ചു നീട്ടില്ല: സതീശൻ
കേരളത്തിലും ഡൽഹിയിലുമായി ചർച്ച നടത്തി സ്ഥാനാർത്ഥി നിർണയം വലിച്ചു നീട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേരളകൗമുദിയോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ചെയ്‌ത മാതൃകയിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മത്സര രംഗത്തിറങ്ങും. സ്ഥാനാർത്ഥി നിർണയത്തിൽ വിജയ സാദ്ധ്യതയ്‌ക്കാണ് മുൻഗണന. ഗ്രൂപ്പ് നോമിനി പരിഗണന ലഭിക്കില്ലെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |