
മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായി റോഡിന് നടുവിൽ അശാസ്ത്രീയമായി നിർമ്മിച്ച മീഡിയനും ഫുട്ട്പാത്തിലെ കൈവരികളും നീക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ എം.ജെ. ഷാജിയുടെ ഒറ്റയാൾ പ്രതിഷേധം. നഗരമദ്ധ്യത്തിലെ നെഹൃ പാർക്കിന് സമീപം റോഡരികിൽ അടുപ്പുകൂട്ടി കഞ്ഞിയും പയറും പാകംചെയ്ത് സഹപ്രവർത്തകർക്ക് വിളമ്പിയാണ് വാഴപ്പിള്ളി മുണ്ടയ്ക്കൽ ഷാജി സമരം നടത്തിയത്. പി.ഒ.ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള മീഡിയൻ നിർമ്മാണം റോഡിന്റെ വീതി കുറച്ചതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്താലോ ബസുകൾ നിറുത്തിയാലോ ഗതാഗതം പൂർണമായും തടസപ്പെടുകയാണ്. ആംബുലൻസുകൾപോലും കടന്നുപോകാൻ പ്രയാസപ്പെടുന്നു. വാഹനങ്ങൾ തമ്മിൽ ഉരസുന്നതും തർക്കങ്ങളും ഇവിടെ പതിവാണ്. ഫുട്പാത്തിൽ റോഡിനോട് ചേർന്ന് കൃത്യതയില്ലാതെ സ്ഥാപിച്ച ഇരുമ്പുവേലികൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. ഭാരവാഹനങ്ങൾ തട്ടി വേലികൾ തകരുന്നത് കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ടൗൺഹാളിന് മുന്നിൽ ഇരുമ്പ് വേലി തകർത്തെത്തിയ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചിരുന്നു. ടി.ബി.ജംഗ്ഷനിലെ വളവിലും വലിയ പാലത്തിലും സമാനമായ അപകടങ്ങളുണ്ടായി. നെഹൃ പാർക്കിലെ ഫുട്പാത്തിൽ പഴയ ടൈലുകൾ ഇളക്കി കൂട്ടിയിട്ടിരിക്കുന്നത് കാൽനടയാത്ര തടസപ്പെടുത്തുന്നു. സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിവരുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ഈ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അശാസ്ത്രീയ നിർമ്മാണങ്ങൾ പരിശോധിക്കണമെന്നുമാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |