
പാലോട്: വേനൽക്കാലമടുക്കുന്തോറും ഗ്രാമീണ മേഖലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ വാമനപുരം നദി വറ്റിവരളുന്ന അവസ്ഥയിൽ. ഇതോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതെയായി. തോടും ആറും വറ്റിത്തുടങ്ങിയതോടെ കുടിവെള്ള സംഭരണികളിലും ജലം ലഭ്യമല്ല. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. വേനൽ കടുത്തതോടെ മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. കുടിവെള്ള പൈപ്പിലൂടെ ലഭിച്ചിരുന്ന വെള്ളവും ഇപ്പോൾ പൂർണമായും നിലച്ചു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ പല സ്ഥലങ്ങളിലും വെട്ടിപ്പൊളിച്ചതിനാലാണ് ഈ പ്രതിസന്ധി സംജാതമായത്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളാണ് കൂടുതൽ ദുരിതത്തിലായത്. രാവിലെ മുതൽ കാത്തിരുന്നാലും ലഭിക്കുന്നത് വളരെ കുറച്ചു വെള്ളമാണെന്നും മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
മാലിന്യനിക്ഷേപം, നടപടിയെടുക്കാതെ അധികൃതർ
വാമനപുരം നദിയിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. കടകളിലെയും സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലെയും മാലിന്യം രാത്രിയിൽ തള്ളുന്നത് ഇവിടേക്കാണ്. ആറ്റിലും കരയിലും മാലിന്യം കുമിഞ്ഞുകൂടിയിട്ടും പഞ്ചായത്തോ,ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞുനോക്കുന്നില്ല.
വാമനപുരം നദിയിലെ വെള്ളം നിരവധി കുടിവെള്ള പദ്ധതികൾക്ക് ഉപയോഗിക്കുന്നുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നവരിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് നിലവിലുള്ളത്. ആറ്റിന്റെ കരയിലുള്ള കടകൾ, വർക്ക്ഷോപ്പുകൾ, വാഹന സർവീസ് സെന്ററുകൾ തുടങ്ങിയവയിലെ മലിനജലം ഒഴുക്കുന്നതും ഇതേ നദിയിൽ തന്നെയാണ്.
കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം
കോളിഫോം ബാക്ടീരിയയുടെ ഗണ്യമായ സ്വാധീനം ഈ കുടിവെള്ളത്തിൽ ശക്തമാണ്. ഇതിനുപോലും ശാശ്വതമായ പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. ആറ്റിന് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് ശേഖരിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡറിട്ടാണ് പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നത്. യാതൊരുവിധ ശുദ്ധീകരണ സംവിധാനവും നിലവിലില്ല. ഹരിത കേരള മിഷന്റെ സഹകരണത്തോടെ വാമനപുരം നദി ശുചീകരിക്കാൻ പദ്ധതിയിട്ട് ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ആറിപ്പോഴും മലിനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |