
കോട്ടയം : ഗ്രാമഭംഗി നിറഞ്ഞൊഴുകി സഞ്ചാരികളെ മാടിവിളിച്ചിരുന്ന പാറയ്ക്കൽക്കടവിൽ ഇന്ന് വീശുന്നത് അവഗണനയുടെ കാറ്റ്. കാടുമൂടിയ ഇരിപ്പിടങ്ങൾ, പുൽത്തകിടി, പരിപാലനമില്ലാതെ നശിച്ച തണൽമരങ്ങൾ, തകർന്ന കോഫിബാർ, ടോയ്‌ലെറ്റുകൾ..... ആരുടെയും മനംമടുപ്പിക്കും ഇവിടുത്തെ കാഴ്ചകൾ. നിരവധി സിനിമാ, ആൽബം ചിത്രീകരണങ്ങളുടെയും പ്രധാന ലൊക്കേഷനായിരുന്ന സ്ഥലം പിന്നീട് വഴിയോര വിശ്രമകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഫലം കണ്ടില്ല. കൊവിഡിന്റെ കടന്ന് വരവോടെ ആരും എത്താതായതോടെ പ്രദേശം കാടുകയറി. പിന്നീട് പാറക്കൽകടവിന്റെ സൗന്ദര്യവത്കരണം ലക്ഷ്യമിട്ട് പുതുപ്പള്ളി പഞ്ചായത്ത് മുന്നിട്ടിറങ്ങിയെങ്കിലും ഉദ്ഘാടനത്തിൽ മാത്രമൊതുങ്ങി. കാട് വെട്ടിത്തെളിച്ച് ഉദ്യാനം വൃത്തിയാക്കുന്നതിനും, മാലിന്യനിർമ്മാർജ്ജനത്തിനും, ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും അനുബന്ധ സൗകര്യമൊരുക്കലിനുമായി പഞ്ചായത്ത് ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. പുതുപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിനായി ഫണ്ട് വകമാറ്റപ്പെട്ടെന്നാണ് വാദം.
സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം
പള്ളം ബ്ലോക്കിലെ പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് കടവ് സ്ഥിതി ചെയ്യുന്നത്. റോഡിന് ഇരുവശത്തെ പാടശേഖരങ്ങളും ആറുമാണ് മുഖ്യആകർഷണം. ആളുകൾ എത്താതായതോടെ റോഡിന്റെ വശങ്ങളിൽ കട നടത്തുന്നവർ പ്രതിസന്ധിയിലായി. കച്ചവടം ഉപേക്ഷിച്ചുപോയവരും മറ്റുവഴികളില്ലാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ആളുകൾ കുറഞ്ഞതോടെ സാമൂഹ്യവിരുദ്ധരുടെയും ലഹരി സംഘത്തിന്റെയും താവളമായി ഇവിടം മാറി. പാറക്കൽകടവിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
സ്വാഭാവികമായി രൂപാന്തരപ്പെട്ട സൗന്ദര്യം
കൊടൂരാറിന്റെ തീരത്ത് പതിറ്റാണ്ടുകൾക്ക് മുൻപ് സ്വാഭാവികമായി രൂപാന്തരപ്പെട്ട സൗന്ദര്യമാണ് പാറയ്ക്കൽകടവിന്റേത്. സേവ് ദി ഡേറ്റ് വീഡിയോകൾ തരംഗമാകുന്നതിനും മുമ്പേ വധൂവരന്മാർ വിവാഹ ചിത്രങ്ങളും വീഡയോകളും ഷൂട്ട് ചെയ്യാൻ എത്തിയിരുന്ന സ്ഥലമായിരുന്നു ഇത്.
''എല്ലാം കാടുകയറി നശിച്ചു. ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമായി. അനന്തമായ ടൂറിസം സാദ്ധ്യതകളാണ് പാറയ്ക്കൽക്കടവ് തുറന്നിടുന്നത്. അധികൃതർ മനസുവയ്ക്കണമെന്ന് മാത്രം.
-പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |