മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ നീക്കം
കേളകം: അടക്കാത്തോട് കരിയംകാപ്പിൽ പുലിയെ പിടികൂടാനായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കയറിയില്ല. ഇതോടെ കൂട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ വനംവകുപ്പിന്റെ നീക്കം. ഈ മാസം 17നാണ് കരിയംകാപ്പിലെ പള്ളിവാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ പുലി എത്തിയതായി കണ്ടെത്തിയത്. തോട്ടം പാട്ടത്തിനെടുത്ത കർഷകർ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിയുകയായിരുന്നു. ഇതേത്തുടർന്ന് വനപാലകർ പ്രദേശത്ത് വിശദമായ പരിശോധിക്കുകയും പുലി ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങിയതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 20ന് തോട്ടത്തിൽ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ നാല് ദിവസം കഴിഞ്ഞിട്ടും പുലി കെണിയിൽ വീഴാതിരുന്നതിനാലാണ് കൂട് മാറ്റി സ്ഥാപിക്കാൻ വനം വകുപ്പ് നീക്കം തുടങ്ങിയത്.
നവംബർ മുതൽ ഏപ്രിൽ മാസം വരെ കൂടുതൽ ദൂരം സഞ്ചരിക്കുന്നതാണ് പുലികളുടെ പ്രകൃതം. അതിനാൽ ഇപ്പോൾ പുലി പ്രദേശത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോയതിനാലാണ് കെണിയിൽ വീഴാതിരുന്നതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. അതുകൊണ്ടുതന്നെ പുലി ഈ പ്രദേശം വിട്ടു പോയിരിക്കാം എന്നാണ് വനംവകുപ്പും കരുതുന്നത്. എന്നാൽ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും അവിചാരിതമായി പുലി കെണിയിൽ വീഴാനുള്ള സാദ്ധ്യത പരിഗണിച്ചുമാണ് കൂട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ ആലോചിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |