കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഭാരതീയ നാട്യകലകളിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഗുരുവിന്റെ 'ചിദംബരാഷ്ടകം' കൃതി നർത്തകി രമ്യ അനുപ് ഭരതനാട്യത്തിൽ അവതരിപ്പിച്ചു. ബിജീഷ് കൃഷ്ണ സംഗീത സംവിധാനം ചെയ്ത ചിദംബരാഷ്ടകം 12 മിനിറ്റിലാണ് ചിട്ടപ്പെടുത്തിയത്. ദൈവദശകം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. മാതൃഭൂമി ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി. നിധീഷ് ഉദ്ഘാടനം ചെയ്തു. ജാതി,മത, വർഗ ചിന്തകൾക്കതീതമായ ഗുരുദേവന്റെ സന്ദേശങ്ങൾ നൃത്തകലകളിലൂടെ പ്രചാരം നൽകുന്നത് പുതിയൊരു ഉദ്യമമാണെന്ന് നിധീഷ് പറഞ്ഞു. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നർത്തകർക്ക് രമ്യ ക്ലാസെടുത്തു. ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്കാരത്തിനു നേതൃത്വം നൽകിയ അദ്ധ്യാപകരും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള നർത്തകരും പങ്കെടുത്തു. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര കമ്മിറ്റിയംഗം രാമനാഥൻ വേങ്ങേരി, എൻ്റെ ഗുരു കോഴിക്കോട് ചെയർ പഴ്സൻ ശരണ്യ ഡെനിസൺ എന്നിവർ പ്രസംഗിച്ചു. ഗാന രഘു, രഞ്ജിനി പ്രശാന്ത്, അർഷ വിശാഖ്, വൈഷ്ണവി ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |