
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്‌മന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ വിഭാഗങ്ങളിൽപെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിര്ണയിക്കുന്നതിനുള്ള ജില്ലാതല ശില്പശാലകൾക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായാണ് പരിശീലനങ്ങൾ നടത്തുന്നത്.
കാര്ഷികമേഖലയുമായി ബന്ധപ്പെട്ട് കർഷകർ, വകുപ്പ് തല ഉദ്യോഗസ്ഥർ, കർഷക ഉത്പാദക സംഘടനകൾ (FPO)എന്നിവർക്ക് അറിവിലും നൈപുണ്യത്തിലുമുള്ള വിടവും പരിശീലന ആവശ്യങ്ങളും സമഗ്രമായി വിലയിരുത്തി അതിന്റെ അടിസ്‌ഥാനത്തിൽ സമഗ്രമായ പരിശീലന പദ്ധതികൾ രൂപീകരിക്കുക എന്നതാണ് ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രാരംഭ ശില്പശാലകളുടെ ലക്ഷ്യം. കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷക ഉത്പാദക സംഘടനകൾ (FPO), കാർഷിക ശാസ്ത്രജ്ഞർ, കൃഷി സംരംഭകർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളാണ് ശില്പശാലകളിൽ പങ്കെടുത്തത്.
ഓൾട്ടർനേറ്റ് വെറ്റിംഗ് ആൻഡ് ഡ്രയിംഗ് (AWD) സാങ്കേതികവിദ്യ, കാർബൺ ക്രെഡിറ്റ് വിപണിയിൽ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളിൽ കർഷകരെ ശാക്തീകരിക്കുന്നതോടൊപ്പം, മാനേജ്‌മന്റ് മികവ്, ഡിജിറ്റൽ കൃഷിരീതികൾ എന്നിവയിൽ മികവ് മെച്ചപ്പെടുത്തി കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
അതോടൊപ്പം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഭരണനിർവഹണം, മാനേജ്‌മന്റ്, ഡിജിറ്റൽ കൃഷിരീതികൾ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവയിലും പരിശീലനം നൽകുന്നു.
വെൺപാലവട്ടം സമേതിയിൽ നടന്ന ചടങ്ങിൽ ശില്പശാലകളുടെ സംസ്ഥാന തല ഉദ്‌ഘാടനം സമേതി ഡയറക്ടർ ടി.മിനി നിർവ്വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന സുസ്ഥിര കൃഷിയിലൂടെ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ പരിശീലന പരിപാടികളെന്നവർ പറഞ്ഞു. കേര പ്രോജക്ട് പ്രൊക്യൂർമെന്റ് ഓഫീസർ സുരേഷ് സി തമ്പി മുഖ്യപ്രഭാഷണം നടത്തി.
ടെക്‌നിക്കൽ ഓഫീസർ ജേക്കബ് ജോയ്, ഡോ.എ.എസ്.അനിൽകുമാർ, ഡോ.എ.കെ.ഷെരീഫ്, കെ.ജി.ഗിരീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ നടക്കുന്ന ശില്പശാലയുടെ അടിസ്ഥാനത്തിൽ പരിശീലന ആവശ്യകത പഠനത്തിനുള്ള സർവേയുടെ ചോദ്യാവലിക്കും നടപടിക്രമങ്ങൾക്കും അന്തിമരൂപം നൽകും.ഇതിനെത്തുടർന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ വിലയിരുത്തുന്ന സർവേ ആരംഭിക്കും.
PIC Contact Number: 903707660
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |