കോഴിക്കോട്: മലപ്പുറം കഴിഞ്ഞാൽ മുസ്ലിംലീഗിന് ഏറ്റവും പ്രതീക്ഷയുള്ള ജില്ല കോഴിക്കോടാണ്. ജില്ലയിൽ ആറു മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കേവലം ഒരു സീറ്റാണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് നാലെണ്ണമെങ്കിലുമാക്കി വർദ്ധിപ്പിക്കണമെന്നാണ് പാർട്ടിയുടെ ലക്ഷ്യം. കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കൊടുവള്ളി, പേരാമ്പ്ര, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളാണ് ലീഗിന്റേത്.
എന്നാൽ നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ മുസ്ലിംലീഗിനെതിരെ ഇതരസമുദായങ്ങളിലുണ്ടായ അകൽച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ ബാധിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശതിരഞ്ഞെടുപ്പിൽ ലീഗും യു.ഡി.എഫും അടുത്ത സാഹചര്യത്തിൽ. ഈ സാഹചര്യം മനസിലാക്കി മുസ്ലിം സമുദായത്തിന് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിവുള്ളവരെ സ്ഥാനാർത്ഥികളാക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. അങ്ങനെയാണെങ്കിൽ കോഴിക്കോട് സൗത്തിൽ എം.കെ മുനീർ മത്സരിക്കുന്നില്ലെങ്കിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ കമാൽ വരദൂരിനെ പരിഗണിക്കാനാണ് സാധ്യത. വനിതകളെ മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനനേതൃയോഗത്തിൽ ഉയർന്നെങ്കിലും വിജയസാധ്യത കൂടി പരിഗണിച്ചായിരിക്കും അത്തരത്തിലുള്ള നീക്കങ്ങളുണ്ടാകുക. വനിതകൾ മത്സരിക്കുകയാണെങ്കിൽ കഴിഞ്ഞ തവണ സൗത്തിൽ മത്സരിച്ച നൂർബിന റഷീദും കുറ്റിച്ചിറ കൗൺസിലർ ഫാത്തിമ തെഹ്ലയുമാണ് സാധ്യത പട്ടികയിലുള്ളത്. ലീഗിന്റെ ഏറ്റവും ഉറച്ചകോട്ടയായ കൊടുവള്ളിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ ഫിറോസിനെ തന്നെയാണ് പാർട്ടി പരിഗണിക്കുന്നത്. കുറ്റ്യാടിയിൽ മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ പേരിനാണ് പ്രഥമപരിഗണന. പേരാമ്പ്രയിൽ ജില്ലാ ജനറൽസെക്രട്ടറി കെ.ടി ഇസ്മയിൽ ജനവിധി തേടാനാണ് സാധ്യത. കുന്നമംഗലം സീറ്റിൽ സർപ്രൈസ് സ്ഥാനാർത്ഥിക്കായി കാത്തിരിക്കുകയാണ് ലീഗ്. ഇടത് സ്ഥാനാർത്ഥിയായി പി.ടി.എ റഹിം മത്സരിക്കുന്ന മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കോൺഗ്രസുകാരനായ ദിനേശ് പെരുമണ്ണയെ സ്വതന്ത്രനായി മത്സരിപ്പിച്ചത് പോലെ ഒരു പരീക്ഷണത്തിന് ഇത്തവണ ലീഗ് നേതൃത്വം തയ്യാറാവില്ല. തിരുവമ്പാടിയാണ് ലീഗിനെ കുഴക്കുന്ന മറ്റൊരു മണ്ഡലം. കോൺഗ്രസ് ഈ സീറ്റ് നിരന്തം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോൺഗ്രസിന് സീറ്റ് വിട്ടുകൊടുത്തില്ലെങ്കിൽ സി.കെ കാസിമിനെ മത്സരരംഗത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ കത്തോലിക്കാ സഭയെ പിണക്കാൻ ഇവിടെ യു.ഡി.എഫ് നേതൃത്വം ആഗ്രഹിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |