
അമ്പലപ്പുഴ : 29വർഷം മുമ്പൊരു റിപ്പബ്ളിക് ദിനത്തിൽ ലഭിച്ച അപ്രതീക്ഷിത ജയിൽമോചനം ഇന്നലെയെന്ന പോലെ മാത്യു ആൽബിന്റെ മനസിലുണ്ട്. 1997ജനുവരി 26നാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തൊട്ടാകെ 1600 തടവുകാരെ ശിക്ഷ ഇളവു നൽകി ജയിൽ മോചിതരാക്കിയത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന മാത്യു ആൽബിനും ഇളവ് ലഭിച്ചവരിൽ ഉൾപ്പെട്ടു.
അതിന് മുമ്പ് ജയിലിൽ സന്ദർശനത്തിനെത്തിയ ആകാശപ്പറവകളുടെ സുഹൃത്ത് ഫാ.ജോർജ് കുറ്റിക്കലിന്റെയും, കന്യാസ്ത്രീകളുടേയും ഇടപെടലിലൂടെ ജയിലിൽ ആൽബിൻ നല്ലനടപ്പ് തുടങ്ങിയിരുന്നു. ജയിലിൽ നിന്നിറങ്ങി പുന്നപ്ര തീരപ്രദേശത്തെത്തിയ ആൽബിൻ ക്രിസ്തുവിൽ സമർപ്പിച്ച് പുതുജീവിതത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചു. നാട് ഭയന്നിരുന്ന ഇറച്ചി ആൽബിനിൽ നിന്ന് ഇന്നത്തെ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റിയായുള്ള മാത്യു ആൽബിന്റെ യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്.
ജയിൽമോചിതനായി നാലു ദിവസത്തിന് ശേഷം ജനുവരി 30ന് മനോനിലതെറ്റി കടപ്പുറത്ത് അലഞ്ഞു നടന്ന ഒരാളെയും കൂട്ടി വാടകമുറിയിൽ തുടങ്ങിയതാണ് ശാന്തി ഭവൻ സർവ്വോദയ ട്രസ്റ്റ്. 30ാം വർഷത്തിലേക്കു കടക്കുമ്പോൾ വിദേശ മലയാളിയായ മാത്യു കുഞ്ചെറിയ നിർമ്മിച്ചു നൽകിയ അടച്ചുറപ്പുള്ള കെട്ടിടത്തിൽ170 ഓളം അന്തേവാസികൾ ഇപ്പോൾ ശാന്തിഭവനിലുണ്ട്. ഇവരെ ശുശ്രൂഷിക്കാനായി 30ഓളം ജീവനക്കാരും.
മാത്യു ആൽബിനും, ഭാര്യ മേരി ആൽബിന്നും 24 മണിക്കൂറും അന്തേവാസികൾക്കൊപ്പം ശാന്തിഭവനിൽ തന്നെയാണ് കഴിയുന്നത്. ചെയ്തു പോയ തെറ്റുകളുടെ പ്രായശ്ചിത്വത്തിനായി അനാഥരുടെ തലമുടി വെട്ടി, അവരെ കുളിപ്പിച്ച്, ഭക്ഷണം വാരിക്കൊടുത്ത് അവരോടൊപ്പം കഴിയുന്ന മാത്യു ആൽബിൻ അന്തേവാസികൾക്ക് അപ്പച്ചനാണ്. മേരി ആൽബിൻ അമ്മയും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 1000 ത്തോളം പേരെ അവരവരുടെ വീടുകളിലെത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മാത്യു ആൽബിൻ. നാനാജാതി മതസ്ഥരുടെ സഹായ സഹകരണങ്ങൾ കൊണ്ടാണ് ശാന്തി ഭവനിലെ ദൈനംദിന ചിലവുകൾ നടന്നുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |