
കണ്ണൂർ:പട്ടാന്നൂരിലെ കിൻഫ്ര വ്യവസായ പാർക്ക് സ്ഥലമേറ്റെടുക്കുന്നതുമായി 82 കോടി സർക്കാരിന് ഉപകരിക്കാത്ത രീതിയിൽ കോടതിയിൽ കെട്ടിവെക്കാനിടയായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി വൈകുന്നു. വ്യവസായ പാർക്കിനായി പട്ടാനൂരിൽ 672 പേരുടെ ഭൂമി ഏറ്റെടുത്തതിൽ 260 പേർക്കും മതിയായ രേഖകളില്ലെന്ന കാരണത്താൽ പണം ലഭിച്ചിരുന്നില്ല. ഇത്രയും ഭൂമിക്ക് നൽകാനുള്ള 82 കോടി 2022ലാണ് കോടതിയിൽ കെട്ടിവച്ചത്.
ഇത്രയും തുക സർക്കാരിന് ഉപകരിക്കാത്ത രീതിയിൽ ഉദ്യോഗസ്ഥർ നഷ്ടപ്പെടുത്തിയെന്ന് വിജിലൻസ് സീനിയർ സൂപ്രണ്ട് കണ്ടെത്തിയിരുന്നു.ഭൂ ഉടമകൾ മതിയായ രേഖകൾ സമർപ്പിച്ചാൽ നഷ്ടപരിഹാര തുക ലഭ്യമാക്കാമെന്ന് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും നാളിതുവരെയായി വെറും നാല് പേർ മാത്രമാണ് മതിയായ രേഖകൾ ഹാജരാക്കി നഷ്ട പരിഹാരത്തുക കൈപ്പറ്റിയത്.
ക്രമക്കേട് ശ്രദ്ധയിൽപെടുത്തി 2023ലാണ് സ്വകാര്യ വ്യക്തികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയത്.എന്നാൽ ഇതുവരെ അന്വേഷണം നടത്തുകയോ റിപ്പോർട്ട് പൂർത്തിയാക്കുകയോ ചെയ്തിട്ടില്ലെന്ന് ഇവർ പറയുന്നു.മതിയായ രേഖകളില്ലാത്തവരുടെ പേരിൽ ഇത്രയും തുക കെട്ടിവെക്കുന്നത് വൻ ക്രമക്കേടാണെന്നും രേഖകൾ സൂക്ഷ്മ പരിശോധന നടത്തുന്നതിലുൾപ്പെടെ ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച്ച സംഭവിച്ചുവെന്നുമാണ് ഇവർ ആരോപിക്കുന്നത്. താലൂക്ക് അദാലത്തിലും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും നവകേരള സദസിലുമെല്ലാം ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
ക്രമക്കേടിനെതിരെ റിപ്പോർട്ടുണ്ട്
പട്ടാന്നൂർ വില്ലേജ് ഓഫീസ് സ്വീകരിച്ച പല നടപടികളും നിയമനടപടികൾക്കിടയാക്കിയതായും സർക്കാരിൽ നിന്നും അനുവദിച്ച തുക അലക്ഷ്യമായി കൈകാര്യം ചെയ്തതായും ജില്ലാ കളക്ടർ,ജില്ലാ ഗവ.പ്ലീഡർമാർ എന്നിവർ ഇൻസ്പെക്ഷൻ സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ കണ്ടെത്തിയതാണ്. തുടർന്ന് ഇൻസ്പെക്ഷൻ സീനിയർ സൂപ്രണ്ടിനോട് ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിച്ച് ഗവ.പ്ളീഡർ ഓഫീസുമായി ചേർന്ന് ഉചിതമായ അച്ചടക്ക നടപടിയെടുക്കുന്നതിന് ഒരു ഏകീകൃത റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനും കഴിഞ്ഞ ജൂണിലാണ് നിർദ്ദേശിച്ചത്.സീനിയർ സൂപ്രണ്ട് ഇതുപ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിൽ അന്നത്തെ പട്ടാനൂർ വില്ലേജ് ഓഫീസർക്കെതിരെ പരാമർശമുണ്ടെന്നാണ് വിവരം. വിജിലൻസ് റിപ്പോർട്ടിലും ഈയാൾക്കെതിരെ സൂചനയുണ്ട്.
ഏറ്റെടുത്ത എല്ലാ സ്ഥലത്തിനും ഒറ്റയാളെ മഹസ്സർ സാക്ഷിയാക്കിയെന്നും സ്ഥലം സന്ദർശിച്ച് മുഴുവൻ മഹസ്സറുകളും തയ്യാറാക്കിയത് ഒറ്റ ഉദ്യോഗസ്ഥനാണെന്നും സീനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ടിലുണ്ട്.കിൻഫ്ര ഓഫീസിൽ മറ്റ് റവന്യു ഇൻസ്‌പെക്ടർമാരും ഉണ്ടായിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്റെ സംശയാസ്പദമായ നടപടി.
ഏറ്റെടുത്തത് 474.36 ഏക്കർ ഭൂമി
ഏകദേശം 474.36 ഏക്കർ ഭൂമിയാണ് പട്ടാന്നൂരിലെ കിൻഫ്ര വ്യവസായ പാർക്കിനായി സ്ഥലമേറ്റെടുത്തത് .ഭാവിയിൽ ഇത് 5,000 ഏക്കർ വിസ്തൃതിയുള്ള ഒരു വലിയ വ്യവസായ ഹബ്ബായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഉത്പ്പാദനം , ടെക്‌സ്‌റ്റൈൽസ്, ഇലക്ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള സംരംഭകരെ ആകർഷിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസികൾക്കായി പ്രത്യേക നിക്ഷേപ അവസരങ്ങളും ഇവിടെ ഒരുക്കും.
പട്ടാനൂർ കിൻഫ്ര വ്യവസായ പാർക്ക്
474.36 ഏക്കർ ഭൂമി ഏറ്റെടുത്തു
672 ഉടമസ്ഥർ
260 പേർക്ക് ഭൂരേഖകളില്ല
82 കോടി നഷ്ടപരിഹാരതുക കോടതിയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |