കൊല്ലം: നഗരഹൃദയത്തിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ മൂന്നിടങ്ങളിൽ മോഷണ ശ്രമം. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തു. ഫാത്തിമ മാതാ കോളജ്, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, എസ്.എൻ.ഡി.പി യോഗം ആസ്ഥാന മന്ദിരം എന്നിവിടങ്ങളിലാണ് മോഷണ ശ്രമം ഉണ്ടായത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് ഫാത്തിമ മാതാ കോളജിൽ മോഷണ ശ്രമം നടന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് അകത്തു കടന്ന ശേഷം പ്രധാന മുറിയുടെയും പ്രിൻസിപ്പൽ മുറിയുടെയും അടക്കം അഞ്ച് കതകുകൾ തകർത്തു. മൂഖംമൂടി അണിഞ്ഞ അഞ്ചംഗ സംഘം കോളേജ് വരാന്തയിലൂടെ സഞ്ചരിക്കുന്ന ക്യാമറ ദൃശ്യം പൊലീസിന് ലഭിച്ചു. ഫാത്തിമ കോളേജിൽ നിന്ന് മോഷ്ടാക്കൾ തൊട്ടടുത്തുള്ള ബിഷപ്പ് എൻജിനിയറിംഗ് കോളേജിൽ കടക്കുകയായിരുന്നു. ഇവിടത്തെ പ്രധാന ഓഫീസ് മുറി, പ്രിൻസിപ്പൽ റൂം എന്നിവയുടെ വാതിൽ തകർത്ത ശേഷം നാലോളം അലമാരകളും തകർത്തു. ഇവിടെ നിന്ന് സംഘത്തിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം ലഭിച്ചു. രണ്ടിടങ്ങളിൽ നിന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ആസ്ഥാന മന്ദിരത്തിന്റെ പൂട്ട് അറുത്ത നിലയിലായിരുന്നു. എന്നാൽ മോഷ്ടാക്കൾ അകത്തേക്ക് കടന്നതിന്റെ ലക്ഷണങ്ങളില്ല. പൂട്ട് അറുത്തതിന് പിന്നാലെ ആളനക്കം കേട്ട് മോഷ്ടാക്കൾ ഇവിടെ നിന്ന് കടന്നതാകാമെന്നാണ് നിഗമനം. പണം മാത്രം പ്രതീക്ഷിച്ച് എത്തിയ മോഷ്ടാക്കളായത് കൊണ്ടാകാം ഫാത്തിമാ കോളേജ്, ബിഷപ്പ് എൻജിനിയറിംഗ് എന്നിവിടങ്ങളിൽ നിന്ന് വിലപിടിപ്പുള്ള മറ്റൊന്നും കവരാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 3.30 നാണ് മോഷണശ്രമം ഫാത്തിമ കോളേജിലെ സെക്യൂരി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ 7.45 ഓടെ ജീവനക്കാർ കോളേജ് തുറക്കാനെത്തിയപ്പോഴാണ് ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജിലെ മോഷണ ശ്രമം പുറത്തറിഞ്ഞത്. രാത്രി ഒൻപത് മണിയോടെ എസ്.എൻ.ഡി.പി യോഗം ഓഫീസിൽ എത്തിയ തൊഴിലാളികൾ മതിലിന് സമീപം സംശയാസ്പദമായ നിലയിൽ രണ്ട് പേരെ കണ്ടിരുന്നതായി പറയുന്നു. സംഭവം അറിഞ്ഞ് പൊലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ശേഖരിച്ച് വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |