SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

ഹജ്ജ് ഹൗസ് പ്രഖ്യാപനത്തിൽ ഒതുങ്ങി; വിമർശനവുമായി വെൽഫെയർ അസോ.

Increase Font Size Decrease Font Size Print Page
hajj-flight

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ഹൗസ് നിർമ്മിക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിന് വേഗതയില്ലെന്ന് ഹജ്ജ് വെൽഫെയൽ അസോസിയേഷൻ ഭാരവാഹികൾ. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിലാണ് സംസ്ഥാന സർക്കാർ അഞ്ചുകോടി ഹജ്ജ് ഹൗസ് നിർമ്മാണത്തിനായി പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ടിട്ടും സ്ഥലത്തെ മണ്ണ് പരിശോധന നടത്താൻ കൊണ്ടുപോയതല്ലാതെ പ്ലാനോ എസ്റ്റിമേറ്റോ തയാറാക്കിയിട്ടില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.

കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമാണം വൈകിപ്പിക്കുന്നതിന് പിന്നിൽ കോഴിക്കോട് ലോബിയാണോയെന്ന സംശയവും വെൽഫെയർ ഭാരവാഹികൾ ഉന്നയിച്ചു. ഹജ്ജ് ഹൗസ് നിർമാണവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കണ്ണൂരിൽ നിന്ന് ഒന്നും കാസർകോട് നിന്നുള്ള രണ്ടും ഹജ്ജ് കമ്മിറ്റി മെമ്പർമാരെയും ഒരു സർക്കാർ നോഡൽ ഓഫിസറെയും നിയമിച്ചിരുന്നു. എന്നാൽ ഇവർക്ക് ഇതുവരെ ഭരണാനുമതി വാങ്ങി നൽകാൻ പോലും സാധിച്ചിട്ടില്ല.

അസൗകര്യങ്ങളുടെ നടുവിൽ

അടുത്ത ഹജ്ജ് യാത്ര മേയ് അഞ്ചിന് ആരംഭിക്കാനിരിക്കെ കണ്ണൂർ വിമാനത്താവളത്തിൽ ഇവർക്ക് വിശ്രമിക്കാനുള്ള യാതൊരു സൗകര്യവും ഇതുവരെ ഒരുക്കിയിട്ടില്ല. കഴിഞ്ഞ തവണ കാർഗോ സെഷനിലാണ് ആളുകളെ താമസിപ്പിച്ചത്. ഇത്തവണ അവിടെ പണി നടക്കുന്നതിനാൽ ഇവിടെ താമസസൗകര്യം ലഭിക്കില്ല. വിമാനത്താവളത്തിന് സമീപം ആളുകളെ താമസിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഹോട്ടലുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്നും ഹജ്ജ് വെൽഫെയൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കണ്ണൂരിൽ നിന്നും ആറായിരത്തോളം യാത്രക്കാരാണ് ഇത്തവണ ഹജ്ജ് യാത്രയ്ക്ക് പോകുന്നത്.

മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി

വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഈ ബഡ്ജറ്റിൽ കൂടുതൽ തുക അനുവദിച്ച് ഹജ്ജ് ഹൗസ് നിർമ്മാണം എത്രയും പെട്ടെന്ന് നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് റസാഖ് മണക്കായി, ഹനീഫ കാരക്കുന്ന്, കെ.എൻ.ഹാഷിം, വി.പി.താജുദ്ദീൻ, റഫീഖ് വളോര എന്നിവർ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY