ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യയും മകൾ സഫിയയും ഉൾപ്പെടെ ആറ് വനിതകൾ ശ്രീനഗറിൽ അറസ്റ്റിൽ. ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനാണ് അറസ്റ്റ്. സുരയ്യയും സഫിയയുമാണ് പ്രകടനത്തിന് നേതൃത്വം നൽകിയിരുന്നത്.
കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞ് പ്ലക്കാർഡേന്തിയായിരുന്നു പ്രകടനം. പ്രതിഷേധക്കാരെ കൂട്ടം കൂടാൻ പൊലീസ് അനുവദിച്ചില്ല. ഇവരോട് സമാധാനപരമായി പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമപ്രവർത്തകർക്ക് വാർത്താക്കുറിപ്പ് നൽകുന്നതിൽ നിന്നും പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. തങ്ങൾ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിക്രമിക്കപ്പെടുകയും ചെയ്തതായും പ്രതിഷേധക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |