
അമ്പലപ്പുഴ: പുറക്കാട് കടലിൽ ചാടി യുവാവ് ജീവനൊടുക്കി.വെൺമണി മാവനാടിയിൽ ഉദയകുമാർ - ശിവകല ദമ്പതികളുടെ മകൻ ഉജ്വലാണ് (23) മരിച്ചത്.മാങ്കാംകുഴിയിലെ നിറം സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്ന ഉജ്വൽ പതിവുപോലെ ഇന്നലെ രാവിലെ 9ന് ജോലിക്കായി ബൈക്കിൽ വീട്ടിൽ നിന്നിറങ്ങി.തുടർന്ന് പുറക്കാട് ജംഗ്ഷനിലെത്തി സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചു.പിന്നീട് ബൈക്ക് കടപ്പുറത്ത് പാർക്ക് ചെയ്തശേഷം കടലിലേക്ക് ചാടുകയായിരുന്നെന്ന് കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഇവർ കടലിൽ ചാടി ഉജ്വലിനെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ.സഹോദരൻ: ഉദീഷ് ( ഉണ്ണി).
2018ൽ ഉജ്വലിന് തലയിൽ ട്യൂമർ ബാധിച്ചിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.ഇതിനുശേഷം മരുന്നുകൾ തുടരുന്ന ഉജ്വൽ മുമ്പും കായലിൽ ചാടിയിട്ടുണ്ടെന്നും അന്ന് നാട്ടുകാരാണ് രക്ഷപ്പെടുത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു.ബൈക്കിൽ നിന്ന് ഉജ്വലിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തു.
ഇതിനിടെ, ഉജ്വലിന്റെ കൂടെ ഒരു യുവതിയും ഉണ്ടായിരുന്നെന്ന് കിംവദന്തി പരന്നതിനെത്തുടർന്ന് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ഏറെനേരം കടലിൽ തിരച്ചിൽ നടത്തി.ഉജ്വൽ കടയിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ സമീപം ഒരു യുവതി നിൽപ്പുണ്ടായിരുന്നെന്നും, ഇതേത്തുടർന്ന് കടക്കാരനുണ്ടായ തെറ്റിദ്ധാരണയാണ് യുവതിയും ഉജ്വലിന്റെ കൂടെ ചാടിയെന്ന വാർത്ത പരക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |