SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

പാഴ്ഭൂമി​യി​ൽ സജീവി​ന്റെ പച്ചക്കറി​ വി​പ്ളവം

Increase Font Size Decrease Font Size Print Page
ss
സജീവ് കൃഷിയിടത്തിൽ

പാട്ടത്തി​നെടുത്ത ഒരേക്കറി​ൽ പച്ചക്കറി​ക്കൊപ്പം ചെണ്ടുമല്ലി​യും

കൊല്ലം: അയൽക്കാരന്റെ ഒരേക്കർ ഭൂമി ഒൻപത് വർഷം മുമ്പ് കൃഷി​ക്കു വേണ്ടി​ സജീവ് (55) പാട്ടത്തിനെടുക്കുമ്പോൾ അത് പാഴ്ച്ചെടികളുടെ വി​ളനി​ലമായി​രുന്നു. വീട്ടാവശ്യങ്ങൾക്ക് മാത്രം പച്ചക്കറി കൃഷി ചെയ്തിരുന്ന സജീവ് വിഷരഹിതമായ ജൈവപച്ചക്കറി നാട്ടുകാർക്കും ലഭ്യമാക്കണം എന്ന ചിന്തയോടെയാണ് ഭൂമി​ ഏറ്റെടുത്തത്. സ്ഥലമി​പ്പോൾ കണ്ടാൽ ഉടമ പോലും അദ്ഭുതപ്പെടും. 80 സെന്റി​ൽ ഒട്ടുമി​ക്ക പച്ചക്കറി​കൾക്കും പുറമേ ചെണ്ടുമല്ലിയും ഭംഗി വി​തറി​ നി​റഞ്ഞു നി​ൽക്കുന്നു.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ കിളികൊല്ലൂർ എം.ജി നഗർ 87 മാധവമന്ദിരത്തിൽ എം.സജീവാണ് (55) കൃഷി​ക്കാരൻ. ചാർട്ടേഡ് അക്കൗണ്ടന്റ് ദിലീപാണ് ഭൂമി​ വി​ട്ടുകൊടുത്തത്. വഴുതന,പാലക്ക്ചീര, മുളക്,റാഡ‌ിഷ്,തക്കാളി എന്നിവ തുടക്കത്തി​ൽ നട്ടു. അന്ന് കിളികൊല്ലൂർ കൃഷി ഓഫീസറായിരുന്ന പ്രീതയായി​രുന്നു പ്രോത്സാഹനം. വി​ജയി​ച്ചതോടെ കാബേജും കോളിഫ്ലവറും ചീരയും തക്കാളിയും പച്ചമുളകുമൊക്കെ രംഗത്തി​റങ്ങി​. പതിയെ ചെണ്ടുമല്ലിയും വന്നു. 1000 മൂട് ചെണ്ടുമല്ലിയാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. ഭാര്യ ഉഷസ്, മക്കളായ എബിൻ,ആർച്ച എന്നിവരും കൃഷിക്ക് പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്. ദിവസവും കുറഞ്ഞത് 1000 രൂപയുടെ ജൈവപച്ചക്കറി വിൽക്കുന്നുമുണ്ട്.

 ചാണകം, കോഴി​വളം

പലചരക്ക് കട നടത്തി​പ്പി​നും യൂണിയൻ പ്രവർത്തനങ്ങൾക്കുമിടയിൽ രാവിലെയും വൈകിട്ടും സജീവ് പച്ചക്കറി തോട്ടത്തിലുണ്ടാവും. രാവിലെ ഏഴോടെ കൃഷി സ്ഥലത്തേക്ക് പോകും. 10 ന് നേരെ കടയിലേക്ക്. വൈകിട്ട് 3.30 മുതൽ 6 വരെ വീണ്ടും കൃഷിയിടത്തിൽ. സുഹൃത്ത് മഞ്ജുലാലിന്റെ ഫാമിൽ നിന്നുള്ള കോഴിവളവും പരിചയക്കാരനായ സുബിൻ എത്തിക്കുന്ന ചാണകവുമാണ് പ്രധാന വളം. കോർപ്പറേഷന്റെ ഉൾപ്പെടെ മികച്ച കർഷകനുള്ള അവാർഡും ജി​ല്ലാതല അവാർഡും സജീവിനെ തേടിയെത്തിയിട്ടുണ്ട്.

 വില്പന വാട്ട്സാപ്പ് ഗ്രൂപ്പി​ൽ

കിളികൊല്ലൂരിലെ ഇക്കോഷോപ്പിലായിരുന്നു ആദ്യകാല വി​ല്പന. പിന്നീട് സമീപത്തുള്ളവരെ ചേർത്ത് 'ജൈവകൃഷി' എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വില്പന തുടങ്ങി. കൃഷിയുമായി ബന്ധപ്പെട്ട മറ്റ് ഗ്രൂപ്പുകളിലൂടെയും വില്പന ആരംഭി​ച്ചു. ക്യു.എ.സി റോഡിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പിലും പച്ചക്കറികൾ കൊടുക്കാറുണ്ട്. എല്ലാ ദിവസവും ഏതെങ്കിലും ഒരു ഇനമെങ്കിലും വിളവെടുക്കാൻ കഴിയുന്നുണ്ടെന്ന് സജീവ് പറയുന്നു.

ലാഭം എന്നതിലുപരി വിഷരഹിത ജൈവപച്ചക്കറി വിളയിക്കാൻ കഴിയുന്നതാണ് സന്തോഷം

സജീവ്

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY