കൊല്ലം: പഠനത്തിനൊപ്പം കൃഷിയിലും ഒന്നാമതാകാൻ മയ്യനാട്ടെ കുട്ടികൾ മത്സരം തുടങ്ങി. മയ്യനാട് ശാസ്താംകോവിൽ ഗവ.എൽ.പി.എസ്,മയ്യനാട് എൽ.എം.എസ് എൽ.പി.എസ് എന്നീ സ്കൂളുകളിലെ ഇരുനൂറോളം കുട്ടികൾ തമ്മിലാണ് മത്സരം.
രണ്ട് സ്കൂളുകളിലെയും ഇരുനൂറോളം വിദ്യാർത്ഥികൾക്ക് തക്കാളി,വഴുതന,വെണ്ടയ്ക്ക,പയർ,പച്ചമുളക് തുടങ്ങിയ ഇനങ്ങളുടെ ആയിരത്തോളം തൈകൾ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിളവ് എടുക്കുന്നതിന് പുറമേ ചെടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ചിത്രങ്ങളായി വരച്ച് സൂക്ഷിക്കണം. ഒടുവിൽ കൃഷി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി വിളവും ചിത്രങ്ങളും പരിശോധിച്ച് ഏറ്റവും മികച്ച അഞ്ച് കുട്ടി കർഷകരെ തിരഞ്ഞെടുക്കും. ക്ലാസ് ടീച്ചർമാർ എല്ലാദിവസവും പാഠ്യഭാഗങ്ങൾക്കൊപ്പം കൃഷി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് ഉപദേശങ്ങൾ നൽകും. ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളും മത്സരത്തിന്റെ ഭാഗമായതിനാൽ അദ്ധ്യാപകർ അവരുടെ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് കൃഷിയുടെ പുരോഗതി വിലയിരുത്തും.
മയ്യനാട് 15-ാം വാർഡ് അംഗവും പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ആർ.എസ് അബിന്റെ നേതൃത്വത്തിലാണ് രണ്ട് സ്കൂളുകളിലും വത്യസ്തമായ മത്സരം സംഘടിപ്പിക്കുന്നത്. അബിനാണ് മത്സരത്തിനുള്ള പച്ചക്കറി തൈകൾ രണ്ട് സ്കൂളുകളിലേക്ക് വാങ്ങിനൽകിയത്. പദ്ധതി വിജയിച്ചാൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
'' കൃഷിയുടെയും വിഷമില്ലാത്ത പച്ചക്കറിയുടെയും പ്രധാന്യം കുട്ടികളെ കുഞ്ഞുനാളിൽ തന്നെ ബോദ്ധ്യപ്പെടുത്തുന്നതിനൊപ്പം അവരുടെ മനസിൽ പച്ചപ്പ് സൃഷ്ടിക്കാൻ വേണ്ടിക്കൂടിയാണ് രണ്ട് സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് കുട്ടി കർഷകൻ മത്സരം സംഘടിപ്പിക്കുന്നത്.''
ആർ.എസ്. അബിൻ (മയ്യനാട് പഞ്ചായത്ത്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |