
മോസ്‌കോ: താൽപര്യമുള്ള ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്‌ക്കുണ്ടെന്ന് റഷ്യ വ്യക്തമാക്കി. അസംസ്‌കൃത എണ്ണ വിതരണം ചെയ്യുന്നവരെ വൈവിദ്ധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമം പുതിയതോ മോസ്‌കോയെ ലക്ഷ്യം വച്ചുള്ളതോ അല്ലെന്നും റഷ്യൻ വക്താവ് പ്രതികരിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യൻ വക്താവിന്റെ പ്രതികരണം. എന്നാൽ ട്രംപിന്റെ പ്രസ്‌താവനകളിൽ കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
റഷ്യ ഒരിക്കലും ഇന്ത്യയുടെ ഏക ഊർജ പങ്കാളി ആയിരുന്നില്ലെന്നും അതിനാൽ എണ്ണവാങ്ങുന്നതിലെ മാറ്റത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. 'ഇന്ത്യയ്‌ക്ക് എണ്ണയും പെട്രോളിയം ഉത്‌പന്നങ്ങളും നൽകുന്ന ഏക വിതരണക്കാരല്ല റഷ്യയെന്ന് മറ്റെല്ലാ അന്താരാഷ്‌ട്ര ഊർജ വിദഗ്‌ദ്ധരെയും പോലെ ഞങ്ങൾക്കും അറിയാം. ഇന്ത്യ എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്നും ഈ ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ട്. അതിനാൽ ഇവിടെ പുതുതായി ഒന്നും കാണുന്നില്ല'-അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ നിന്ന് ഇതുസംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം പെസ്‌കോവ് പ്രതികരിച്ചത്. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് പൂർണമായി നിർത്താൻ കഴിയില്ലെന്ന് റഷ്യൻ നാഷണൽ സെക്യൂരിറ്റി ഫണ്ടിന്റെ വിദഗ്‌ദ്ധനായ ഇഗോർ യൂഷ്‌കോവ് പറഞ്ഞു. റഷ്യ വിതരണം ചെയ്യുന്ന യുറാൽസ് ക്രൂഡ് വ്യത്യസ്‌തമായ ഘടനയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. 'റഷ്യ സാധാരണയായി പ്രതിദിനം 1.5 ദശലക്ഷം മുതൽ രണ്ട് ദശലക്ഷം ബാരൽ വരെ ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്നു. അമേരിക്കയ്‌ക്ക് ആ അളവ് നിറവേറ്റാൻ കഴിയില്ല' ഇഗോർ യുഷ്‌കോവ് പറഞ്ഞു.
എന്നാൽ ഇന്ത്യയുമായുള്ള ഊർജ സഹകരണം തുടരുന്നതിനെ പിന്തുണക്കുന്ന തരത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചത്. 'റഷ്യൻ ഹൈഡ്രോകാർബണുകൾ ഇന്ത്യ വാങ്ങുന്നത് ഇരു കൂട്ടർക്കും ഗുണകരവും ആഗോള ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായകരവുമാണ്. ഞങ്ങളുടെ ഇന്ത്യൻ പങ്കാളികളുമായി അടുത്ത സഹകരണം തുടരാൻ ഞങ്ങൾ തയ്യാറാണ്'- മരിയ സഖരോവ പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് കഴിഞ്ഞ വർഷം ട്രംപ് ഇന്ത്യയ്‌ക്ക് മേൽ പിഴചുങ്കം ചുമത്തിയത്ത്. പുതിയ യുഎസ്- ഇന്ത്യ വ്യാപാരക്കരാറിൽ തീരുവ പതിനെട്ട് ശതമാനമായി കുറച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |