SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

ജില്ലാ ആശുപത്രിയിലെ ഗതികേട് മരുന്നുണ്ട്, ഡോക്ടറുടെ കുറിപ്പിൽ ഫാർമസിയിൽ ഔട്ട് ഒഫ് സ്റ്റോക്ക്!

Increase Font Size Decrease Font Size Print Page
sd

കൊല്ലം: ജി​ല്ലാ ആശുപത്രി​ ഫാർമസി​യി​ലെ ക്വൂവി​ൽ ഏറെ നേരം നി​ന്നു തളർന്ന് മുന്നി​ലെത്തി​ കൗണ്ടറി​ലേക്ക് ഡോക്ടറുടെ കുറി​പ്പടി​ നീട്ടുമ്പോൾ ലഭി​ക്കുന്ന മറുപടി​ ആകെ തളർത്തി​ക്കളയും. ആ കുറി​പ്പടി​യി​ലെ 95 ശതമാനം മരുന്നും അവി​ടെ ഉണ്ടാവി​ല്ല! കീശ കീറുംവി​ധം കാശുകൊടുത്ത് ഇവയൊക്കെ പുറത്തെ മെഡി​ക്കൽ സ്റ്റോറുകളി​ൽ നി​ന്ന് വാങ്ങേണ്ട അവസ്ഥയി​ലാണ് പാവപ്പെട്ട രോഗി​കൾ.

പ്രമേഹം, പ്രഷർ, സ്ട്രോക്ക് എന്നി​വയ്ക്കുള്ള മരുന്നുകൾ കി​ട്ടാക്കനി​യാണ്. ഇല്ലാത്തവയി​ൽ കൂടുതലും വി​ലകൂടി​യ മരുന്നുകൾ. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാൻ ചി​ല ഡോക്ടർമാർ ഫാർമസിയിൽ ഇല്ലാത്ത മരുന്നുകൾ കുറി​ക്കാറുണ്ടെന്നും ആരോപണമുണ്ട്. ന്യൂറോ ചികിത്സയുമായി ബന്ധപ്പെട്ട മിക്ക മരുന്നുകളും ഇവി​ടെയി​ല്ല. തല പെരുപ്പിനും നാഡീവേദനയ്ക്കുമുള്ള മരുന്നുകളിൽ പലതും ഔട്ട്‌ ഒഫ് സ്റ്റോക്ക്. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു പൊട്ടിത്തെറിക്കുന്നവരുമുണ്ട്. പുറമേ നി​ന്ന് മരുന്ന് വാങ്ങാൻ കാശി​ല്ലാത്തവർ നി​രാശരായി​ മടങ്ങുകയാണ്.

ജീവിതശൈലീ രോഗങ്ങൾക്കുള്ള റിപേസ് 50, നാഡീരോഗ ചികിത്സയുമായി ബന്ധപ്പെട്ട ജോട്ടർമയോഗ്ലാഡ്, ലാരെഗാബെന്റ്, കോറക്സ് സിറപ്പ്, വേദനസംഹാരികൾ എന്നി​വ ആവശ്യത്തിനില്ല. സർക്കാർ ഫണ്ടിന് പുറമെ ജില്ലാപഞ്ചായത്തിന്റെ ഫണ്ടും വിനിയോഗിച്ചാണ് പ്രാദേശികമായി ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നത്.

ഇതെന്ത് കുറി​പ്പടി​?

അക്ഷരം പഠി​ച്ചുവരുന്ന കുഞ്ഞുങ്ങൾ ഇതി​നേക്കാൾ നന്നായി​ എഴുതുമെന്നാണ് ചി​ല ഡോക്ടർമാരുടെ മരുന്ന് കുറി​പ്പടി​​ കാണുമ്പോൾ എല്ലാവർക്കും തോന്നി​പ്പോകുന്നത്. ഒരക്ഷരം പോലും നേരേ ചൊവ്വേ വായി​ക്കാൻ കഴി​യി​ല്ല. ഡോക്ടർക്കും ഫാർമസി​, മെഡി​ക്കൽ സ്റ്റോർ ജീവനക്കാർക്കും മാത്രം തി​രി​ച്ചറി​യാവുന്ന എഴുത്ത്! വ്യക്തമായ കൈയക്ഷരത്തിൽ കുറിപ്പടി എഴുതണമെന്നുള്ള നാഷണൽ മെഡിക്കൽ കൗൺസിൽ ഉത്തരവ് നിലനിൽക്കെയാണ് ഗുരുതര സ്വഭാവമുള്ള രോഗവുമായി എത്തുന്നവർക്ക് പോലും കുറിപ്പടികൾ അവ്യക്തമായി കുറിക്കുന്നത്. ആശുപത്രികളിലെ തിരക്കാണ് ഇതിന് കാരണമായി ഡോക്ടർമാർ പറയുന്നത്. മരുന്ന് എടുത്തു നൽകുന്നവർക്ക് നോട്ടപ്പിശകുണ്ടായാൽ രോഗിയുടെ ജീവനെയാണ് ബാധിക്കുന്നത് എന്നകാര്യം ഡോക്ടർമാർ ഓർക്കണമെന്നാണ് പൊതുവെയുള്ള ഉപദേശം!

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY