
വർക്കല: നഗരസഭാ പരിധിയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും ദിനംപ്രതി മോഷണം വർദ്ധിക്കുന്നതിൽ നാട്ടുകാർ ആശങ്കയിൽ. നഗരമദ്ധ്യത്തിലെ വ്യാപാരസ്ഥാപനങ്ങൾ,സർക്കാർ ഓഫീസുകൾ,ആശുപത്രികൾ,അഭിഭാഷക ഓഫീസുകൾ എന്നിവിടങ്ങളിൽ പോലും മോഷ്ടാക്കൾ വിഹരിക്കുകയാണ്. കേസുകളുടെ എണ്ണം കൂടുമ്പോഴും പ്രതികളെ കണ്ടെത്താനും പിടികൂടാനുമുള്ള നടപടികൾ വൈകുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം വർക്കല പൊലീസ് സ്റ്റേഷനു എതിർവശമുള്ള മറിയം ബിൽഡിംഗിലെ വക്കീൽ ഓഫീസിൽ കയറിയ മോഷ്ടാവ് 10,000 രൂപയും സ്വർണ കമ്മലും രേഖകളും അടങ്ങിയ പഴ്‌സ് മോഷ്ടിച്ചു. പകൽ സമയത്തായിരുന്നു മോഷണം.പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള പ്രദേശത്ത് ഒരേ രാത്രിയിൽ ഏഴോളം വ്യാപാരസ്ഥാപനങ്ങൾ കമ്പിപ്പാരയുപയോഗിച്ച് കുത്തിത്തുറന്നുള്ള മോഷണം ഇക്കഴിഞ്ഞ ഡിസംബറിലാണ് നടന്നത്.സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ കണ്ടെത്തിയില്ലെന്നാണ് വ്യാപാരികളുടെ പരാതി.
നഗരമദ്ധ്യത്തിൽ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനിലും ഗവ.ഹോമിയോ ആശുപത്രിയിലും ഇക്കഴിഞ്ഞ ആഗസ്റ്റിൽ മോഷണം നടന്നിരുന്നു. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും ഓഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോണും പണവും നഷ്ടപ്പെട്ടു.സംഭവത്തിൽ 70,000 രൂപയുടെ നഷ്ടം കണക്കാക്കി പൊലീസ് കേസെടുത്തെങ്കിലും,മോഷ്ടാക്കളെ പിടികൂടാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ നഗരത്തിൽ രാത്രി പട്രോളിംഗ് ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും മോഷണം ആവർത്തിക്കുകയാണ്.
വാഹനമോഷണവും
വർക്കല റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മോഷണം പോകുന്നതും പതിവാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കിളിത്തട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ശ്രീനിവാസപുരം സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു.മൈതാനം പമ്പിൽ പെട്രോൾ നിറയ്ക്കാനെത്തിയ നിറം മാറ്റം വരുത്തിയ ബൈക്ക് ശ്രദ്ധയിൽപ്പെട്ട ഉടമ സംശയം തോന്നി പരിശോധിച്ചപ്പോൾ തന്റെ മോഷണം പോയ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ്,മോഷ്ടാവിനെ പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു. മിക്ക വാഹന മോഷണ കേസുകളിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും പരാതിയുണ്ട്
പൊലീസ് സ്റ്റേഷന് സമീപത്തു പോലും മോഷണം നടക്കുകയാണെങ്കിൽ മറ്റു ഭാഗങ്ങളിലെ അവസ്ഥ എന്തായിരിക്കും.ഇത് ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് നടപടികൾ ഉപേക്ഷ കൂടാതെ ഊർജ്ജിതമാക്കണം.
എസ്.പ്രസാദ്,
വർക്കല നഗരസഭ കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |