
കൊല്ലം: അങ്കമാലി ഞാളിയത്ത് വീട്ടിൽ ജോസ് ഞാളിയത്തിനോട് (68) ഇട്ടിരിക്കുന്ന കുപ്പായം ഏത് ബ്രാൻഡാണെന്നു ചോദിച്ചാൽ എല്ലായ്പോഴും ഒരേ മറുപടിയാവും ലഭിക്കുക, ചാക്ക് ബ്രാൻഡ്! ഉപേക്ഷിക്കപ്പെടുന്ന പഞ്ചസാര ചാക്ക് സ്വയം വെട്ടിയൊതുക്കി തുന്നിയാണ് ആദ്യമായി വേഷപ്പകർച്ചയുണ്ടാക്കിയത്. പിന്നീടത് ചണച്ചാക്കുകളിലേക്കായി. ഒടുവിൽ ചണച്ചാക്ക് നിർമ്മാണ ഫാക്ടറിയിൽ നിന്ന് നേരിട്ട് ചാക്ക് ചീസുകൾ വാങ്ങി ഉടുപ്പുണ്ടാക്കാൻ തുടങ്ങി. ജോസ് ഞാളിയത്തിന്റെ ഈ ചാക്ക് ജീവിതത്തിന് 30 വർഷത്തെ പഴക്കമുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലം സിവിൽ സ്റ്റേഷനിൽ ആർ.ഡി.ഒയുടെ ചേംബറിൽ നടന്ന യോഗത്തിനെത്തിയ ജോസ് ഞാളിയത്ത് ശ്രദ്ധിക്കപ്പെട്ടത് 'ചാക്ക്' വേഷത്തിലൂടെയാണ്. എറണാകുളം അങ്കമാലി തിരുഹൃദയം ചാരിറ്റബിൾ ട്രസ്റ്റ് വഴി അൻപതിൽപ്പരം അനാഥ ജന്മങ്ങൾക്ക് തണലേകുന്ന ജോസ്, തന്റെ ജീവിത ദർശനം ലളിതമാക്കുന്നതിന്റെ ഭാഗമായാണ് മുപ്പത് വർഷം മുൻപ് ഈ വേഷം സ്വയം സ്വീകരിച്ചത്. ചെരിപ്പ് ഇടാറില്ല. പഞ്ചസാര ചാക്ക് ഉപേക്ഷിച്ച ശേഷം കാലടിയിലെ അരിച്ചാക്ക് നിർമ്മാണ ഫാക്ടറിയിൽ നിന്നാണ് ചണച്ചാക്കിന്റെ ഭാഗങ്ങൾ നേരിട്ടു വാങ്ങാൻ തുടങ്ങിയത്. എവിടെ പോയാലും ഈ വസ്ത്രമാണ് ഉപയോഗിക്കുക. ദിവസവും കഴുകും. ചാക്ക് ബ്രദർ, ജോസ് അച്ചൻ, ജോസ് ബ്രദർ തുടങ്ങി ജോസ് ഞാളിയത്തിന് വിവിധ വിളിപ്പേരുകളുമുണ്ട്.
ജീവിതം ലളിതം
ക്ഷീരസംഘത്തിലെ ജോലി ഉപേക്ഷിച്ചാണ് ജോസ് ഞാളിയത്ത് സേവന വഴി തിരഞ്ഞെടുത്തത്. അങ്കമാലി മുക്കന്നൂരിൽ അനാഥാലയം തുടങ്ങിയപ്പോൾ ജീവിതം കൂടുതൽ ലളിതമാക്കി. ഇതോടെയാണ് വസ്ത്രധാരണത്തിലും വേറിട്ട വഴി കണ്ടെത്തിയത്. ആറ് മീറ്റർ ജൂട്ട് വേണം ഒരു കുപ്പായം തുന്നാൻ. രണ്ട് ദിവസംകൊണ്ട് സ്വന്തമായി കുപ്പായം തുന്നിയെടുക്കും ഒന്നര വർഷം ഒരു കുപ്പായം ഉപയോഗിക്കാം. ഒരു വസ്ത്രം ചീത്തയാകുമ്പോൾ മാത്രമാണ് അടുത്തത് തുന്നിയെടുക്കുക. ഭാര്യ ജെസിയും മൂന്ന് മക്കളും ചാക്ക് വസ്ത്രത്തിന് പിന്തുണ നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |