
കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ പി.വി.ശ്രീനിജിന്റെ വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനെന്ന പേരിൽ നടപ്പാക്കിയ "സ്ളേറ്റ് " പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരമുഖത്തുള്ള യൂത്ത് കോൺഗ്രസിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പട്ടിമറ്റം പ്രിയദർശിനി ഹാളിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പട്ടിമറ്റം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.എൽദോ അദ്ധ്യക്ഷനായി. രണ്ട് ഘട്ടമായി പദ്ധതിക്ക് അനുവദിച്ച 1.9 കോടി രൂപ ചെലവഴിച്ചതിൽ വ്യാപക അഴിമതി നടന്നിട്ടുണ്ട്. 21 സ്കൂളുകളിലെ 11,000 കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന രീതിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പദ്ധതിക്ക് 90 ലക്ഷം രൂപ അനുവദിച്ചു. കുട്ടികളുടെ പങ്കാളിത്തക്കുറവ് കൊണ്ടു തന്നെ പദ്ധതി അന്നേ പരാജയപ്പെട്ടിരുന്നു. എന്നിട്ടും രണ്ടാംഘട്ടം നടത്തുന്നതിന് വിദ്യാഭ്യാസ വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ 1 കോടി രൂപ കൂടി അനുവദിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വകാര്യ ഏജൻസിയെ മറയാക്കി തുക തട്ടാനുള്ള നീക്കമാണ് പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. ഭരണ സ്വാധീനത്തിന് വഴങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എം.എൽ.എയ്ക്ക് വേണ്ടി കള്ളക്കേസെടുക്കുന്ന ഉദ്യോഗസ്ഥർ ഭരണം മാറുമെന്ന കാര്യം വിസ്മരിക്കരുതെന്ന് വി.പി.സജീന്ദ്രൻ ഓർമ്മിപ്പിച്ചു. മണ്ഡലം യോഗത്തിൽ പുത്തൻകുരിശ് ബ്ളോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ, ഡി.സി.സി സെക്രട്ടറിമാരായ എം.പി.രാജൻ, എം.ടി.ജോയി, ടി.എച്ച്.അബ്ദുൾ ജബ്ബാർ, കെ.പി.തങ്കപ്പൻ, സുജിത് പോൾ, നിബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. 21ന് പട്ടിമറ്റത്ത് എത്തുന്ന പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയിൽ വാർഡിൽ നിന്നും 50 പേരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |