കാർ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്
കൊല്ലം: വിവാഹ വേദിക്കരികിൽ തീ തുപ്പിയ കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പള്ളിക്കൽ സ്വദേശി ഇർഫാന്റെ (24) കാറാണ് പിടിച്ചെടുത്തത്. കുണ്ടറ ഇളമ്പള്ളൂരിലായിരുന്നു യുവാവിന്റെ അഭ്യാസം. വലിയ ശബ്ദത്തിനൊപ്പമാണ് തീ നാളം വലിയ തോതിൽ പുറത്തേക്ക് വന്നത്. പലരും മൊബൈൽ ഫോണിൽ പകർത്തി, സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത് കണ്ടാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനിറങ്ങിയത്. ഇർഫാന്റെ വീട്ടിൽ നിന്ന് കാർ കണ്ടെത്തി. ഇദ്ദേഹം കുറ്റം സമ്മതിച്ചു. തുടർന്ന് ഇർഫാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങി. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. കാറിന്റെ രജിസ്ട്രേഷനും റദ്ദാക്കും.
ഓൺലൈൻ കിറ്റ്
പ്രത്യേകതരം കിറ്റ് ഓൺലൈൻ വഴി വാങ്ങി ഘടിപ്പിച്ചാണ് കാറിൽ നിന്നു തീ തുപ്പുന്ന സംവിധാനമുണ്ടാക്കിയത്. വാഹനം സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ കാൽ അമർത്തുന്നതോടെയാണ് വലിയ ശബ്ദമുണ്ടാകും. അതിനൊപ്പം തീ നാളം പുറത്തേക്ക് വരും. കാഴ്ചക്കാരിൽ ഭീതിയുണ്ടാകുമെന്നും അപകട സാദ്ധ്യത കൂടുതലെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
