SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

പി.എസ്.സിഓഫീസിനുള്ളിൽ റീത്ത് വച്ച് യൂത്ത് കോൺ.പ്രതിഷേധം, ഉന്തുംതള്ളും

Increase Font Size Decrease Font Size Print Page

ആലപ്പുഴ : പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്കിലുള്ളവർക്ക് പോലും നിയമനം നൽകുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പി.എസ്.സി ഓഫീസിനുള്ളിൽ റീത്ത് വച്ചു പ്രതിഷേധിച്ചു, ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീണിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ ഓഫിസിനകത്തേക്ക് ഇരച്ചു കയറാൻ ശ്രമിക്കവേ ജില്ലാ ഓഫീസർ മുറി പുറത്ത് നിന്ന് അടച്ചു, തുടർന്നു പ്രവർത്തകർ മുറിയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്തു നീക്കവേ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ നിയോജകണ്ഡലം സെക്രട്ടറി ബദർ മുനീറിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി യൂത്ത് കോൺഗ്രസ് നേതൃത്വം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ, വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ, ഷാഹുൽ പുതിയപറമ്പിൽ, റിനു ബൂട്ടോ, നീനു, ഷിജു താഹ, ബദർ മുനീർ നിഷാദ് നിസാർ, ഷാനു ബൂട്ടോ, ഷിജു താഹ, സനൂജ് ഉടുബാക്കൽ, നവനീത്, നായിഫ് നാസർ, ബിലാൽ മുഹമ്മദ്‌ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

പ്രതിഷേധവുമായി എംപ്ലോയീസ് യൂണിയൻ

പി. എസ്. സി ഓഫീനുള്ളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറിയതിൽ പി.എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.രാജു ഉദ്ഘാടനം ചെയ്തു. മൂന്ന് ലക്ഷം പേർക്ക് നിയമനം നൽകി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് കേരള പി.എസ്.സിയെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ്
പ്രവർത്തകരുടെ നടപടിയെ എംപ്ലോയീസ് യൂണിയൻ ശക്തമായി അപലപിച്ചു. പ്രതിഷേധ യോഗത്തിൽ എം.സതീഷ്, ജെ.സീമ
ടി.സൗമ്യ എന്നിവർ സംസാരിച്ചു.

പൊലീസിൽ പരാതി

സെക്ഷനിൽ കടന്നുകയറി രഹസ്യസ്വഭാവമുള്ള പ്രധാന രേഖകൾ അടക്കമുള്ള വസ്തുവകകൾക്ക് നാശം വരുത്തുന്ന രീതിയിൽ ഇടപെടുകയും, അഭിമുഖം അടക്കം തടസ്സപ്പെടുത്തുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച് ബഹളം വയ്ക്കുകയും ചെയ്തെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പി.എസ്.സി ജില്ലാ ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY