SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

സീബ്രാ ലൈനുകൾ മാഞ്ഞ് നഗര റോഡുകൾ മുറിച്ചുകടക്കാം ജീവൻ കൈയിൽപിടിച്ച്

Increase Font Size Decrease Font Size Print Page
zeebra

കണ്ണൂർ : സീബ്രാ ലൈനുകളും വെള്ള വരകളും മാഞ്ഞതോടെ നഗരത്തിൽ റോഡ് ക്രോസ് ചെയ്യേണ്ട ഇടങ്ങളിൽ ദുരന്തസാദ്ധ്യത. വാഹനങ്ങൾ ഇരമ്പുന്നതിനിടയിൽ ജീവൻ കൈയിൽ പിടിച്ചാണ് കാൽനടയാത്രികർ മറുവശത്തേക്ക് എത്തുന്നത്. പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ കൺമുന്നിൽ തന്നെയാണ് ഈ ദുരന്തചിത്രം .

കണ്ണൂർ നഗരത്തിൽ കാൾടെക്സ് സിഗ്നൽ ,തെക്കീബസാ‌‌‌ർ,മുനീശ്വരൻ കോവിൽ,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം ,പഴയ ബസ് സ്റ്റാന്റ് പരിസരം ,പ്ലാസ ,ശ്രീപുരം സ്കൂൾ ,എ.കെ.ജി ആശുപത്രി എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം സീബ്ര ലൈനുകൾ മാഞ്ഞു പോയിട്ടുണ്ട് .

പകുതി തെളിഞ്ഞ് കാണുന്ന സീബ്ര ലൈനുകൾ നോക്കി കാൽനടയാത്രക്കാ‌‌‌ർ റോഡ് ക്രോസ് ചെയ്യാൻ ഒരുങ്ങുമ്പോൾ വാഹനങ്ങൾ വേഗത കുറക്കാതെ കടന്നുപോകുന്നത് പതിവുകാഴ്ചയാണ്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ സീബ്രാലൈനുകൾ പോലും മാഞ്ഞിട്ട് മാസങ്ങളായിട്ടും അധികൃത‌ർ യാതൊരു നടപടിയുമെടുക്കുന്നില്ല.തെക്കീ ബസാർ ഉൾപ്പെടെ നഗരത്തിൽ പലയിടങ്ങളിലും ട്രാഫിക് പരിഷ്കരണം നടപ്പാക്കിയെങ്കിലും സീബ്രാലൈനുകൾ മാഞ്ഞുപോയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

പരിചയമില്ലെങ്കിൽ പെടും

ട്രാഫിക് പരിഷ്കരിച്ചതോടെ മുൻപരിചയമില്ലാത്ത ആളുകൾ കുഴങ്ങുമെന്ന് ഉറപ്പാണ്. എവിടെ വച്ചാണ് ക്രോസ് ചെയ്യേണ്ടതെന്നതിന് യാതൊരു സൂചനയും ഇവിടങ്ങളിലൊന്നുമില്ല.ബസിറങ്ങി കളക്ടടറേറ്റിലേക്ക് പോകേണ്ടവർ ഉൾപ്പെടെ റോഡ് മുറിച്ച് കടക്കാൻ പാടുപെടുകയാണ്.പലപ്പോഴും കളക്ടറേറ്റ് റോഡ് ക്രോസ് ചെയ്യാൻ ചെറിയൊരു വഴി മാത്രമാണ് ഉള്ളത്.ബാക്കിയുള്ള ഭാഗം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ് . സീബ്ര ക്രോസ് കൂടി മങ്ങിയതോടെ ഇവിടെ കാൽനടയാത്ര അപകടകരമായിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കാൽനടയാത്രക്കാരാണ് വാഹനങ്ങളുടെ നിര മുറിയുന്നതും നോക്കി ഇവിടങ്ങളിൽ കാത്തുനിൽക്കുന്നത്.

കാൽനടക്കാരെ അപകടപ്പെടുത്തി നിയമലംഘനം

സീബ്രാലൈനുകളിൽ പോലും വാഹനം നിർത്താതെ പോകുക, നടപ്പാതകളിലൂടെ വാഹനം ഓടിക്കുക, നടപ്പാതയിൽ അനധികൃത പാർക്കിംഗ് , അംഗപരിമിതർക്കുള്ള റാമ്പുകളുള്ളയിടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുക എന്നിവ വലിയ അപകടങ്ങളാണുണ്ടാക്കുന്നത്. കൃത്യമായ നടപ്പാതകളുടെ അഭാവവും തടസ്സങ്ങളും

വലിയ പ്രതിസന്ധിയാണ് കാൽനടയാത്രികരിൽ ഉണ്ടാക്കുന്നത്.

സൗത്ത് ബസാറിന് ദുരിതം

നേരത്തെ ടൗൺ ടു ടൗൺ ബസുകൾക്ക് നേരത്തെ സൗത്ത് ബസാർ വൈദ്യുതി ഭവന് മുന്നിലായിരുന്നു സ്റ്റോപ്പ്. എന്നാൽ ട്രാഫിക് പരിഷ്കരണത്തെ തുടർന്ന് ഈ സ്റ്റോപ്പ് കളക്ടറേറ്റിന് മുന്നിലേക്ക് മാറ്റി. ഇതോടെ തിരക്കേറിയ റോഡ് രണ്ടിടത്ത് ക്രോസ് ചെയ്താൽ മാത്രമെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത് ബസാർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് എത്താൻ സാധിക്കുകയുള്ളു. സിഗ്നൽ തെളിയുന്നതുവരെ കാത്തുകെട്ടി കിടന്ന ശേഷം മറുവശത്ത് ഇറങ്ങുന്ന യാത്രക്കാരാണ് രണ്ടുതവണ റോഡ് ക്രോസ് ചെയ്യേണ്ടിവരുന്നത്. എ.കെ.ജി ആശുപത്രിയുടെ സ്റ്റോപ്പ് കഴിഞ്ഞാൽ കളക്ടറേറ്റിന് മുൻവശത്താണ് പിന്നെ സ്റ്റോപ്പ്. യാത്രക്കാർക്ക് കടുത്ത ദുരിതത്തിലാക്കിയ പരിഷ്കാരത്തെ തുടർന്ന് യാത്രക്കാർക്കുണ്ടായ ദുരിതം ഇപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് ട്രാഫിക് റഗുലേറ്ററി അതോറിറ്റി.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY