കൊല്ലം: ഓൺലൈൻ ട്രേഡിംഗിലൂടെ കുണ്ടറ സ്വദേശിയായ 65കാരന് നഷ്ടമായത് 1.65 കോടി രൂപ. ഇദ്ദേഹത്തിന്റെ പരാതിയിൽ കൊല്ലം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ച് മാസത്തിനിടെയാണ് ഇത്രയും വലിയ തുക തട്ടിപ്പുസംഘം കവർന്നത്. ഫേസ്ബുക്ക് വഴിയാണ് പ്രതികൾ പരാതിക്കാരനെ പരിചയപ്പെട്ടത്. തുടർന്ന് അഞ്ച് വാട്സ്ആപ്പ് അക്കൗണ്ടിലൂടെ വിശ്വസനീയമെന്ന് തോന്നിക്കുന്ന മൂന്ന് ട്രേഡിംഗ് ലിങ്കുകളിൽ ഇദ്ദേഹത്തെ ലോഗിൻ ചെയ്യിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കി. ഉയർന്ന പലിശയും ലാഭവും വാഗ്ദാനം ചെയ്ത് വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് 18 തവണകളായി പണം നിക്ഷേപിപ്പിച്ചു. ആദ്യം 87,704 രൂപയാണ് നിക്ഷേപിച്ചത്. തുടർന്ന് ഓരോ തവണയും കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇടയ്ക്ക് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടു. തുക തിരികെ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കൊല്ലം റൂറൽ സൈബർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, തട്ടിപ്പുകാർ പണം സ്വീകരിക്കാൻ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത ബാങ്ക് അക്കൗണ്ടുകളാണെന്ന് കണ്ടെത്തി. ഇത്തരം അക്കൗണ്ടുകൾ യഥാർത്ഥ ഉടമസ്ഥർ അറിയാതെയോ അല്ലെങ്കിൽ ചെറിയ പ്രതിഫലം നൽകിയോ ആണ് തട്ടിപ്പുകാർ കൈക്കലാക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |