പൊന്നാനി: പൊന്നാനി കോൾമേഖല വരൾച്ചാ ഭീഷണിയിൽ. മിക്ക കോളുകളിലേക്കും വെള്ളം ശേഖരിച്ചു നിറുത്തുന്ന കായലുകളിൽ വെള്ളം കുറഞ്ഞതും വൈകി മാത്രം കൃഷിയിറക്കിയതും കാരണം പല പാടശേഖരങ്ങളിലെയും കർഷകർക്ക് നഷ്ടമുണ്ടാകും.
നൂറടി പൊന്നാനി കോൾമേഖലയിലെ ഏറ്റവും വലിയ പാട ശേഖരമായ കോലത്തുപാടത്തേക്ക് വെള്ളം ശേഖരിച്ചു നിറുത്തുന്ന മൂച്ചികടവ് കായലിൽ 20 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിച്ചിട്ടുള്ളത് . ഇവിടെ ഒരു മാസം വൈകിയാണ് കൃഷിയിറക്കിയത്. 140 ദിവസം മൂപ്പുള്ള ഉമയാണ് കർഷകർ ഞാറു നട്ടിട്ടുള്ളത്. കുംഭമാസത്തിലും മീന മാസത്തിലും മഴ കിട്ടിയാൽ മാത്രമേ ഉണക്ക ഭീഷണിയില്ലാതെ കർഷകർക്ക് കൊയ്ത്ത് കഴിക്കാൻ സാധിക്കൂ. ഞാറു നട്ട് ഒന്നാം വളം മാത്രമേ നടന്നിട്ടുള്ളൂ. രണ്ടാംവളം ഇട്ടാൽ വെള്ളമില്ലാത്ത അവസ്ഥ വരുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.. കടുത്ത ചൂടാണ് വെള്ളം ഈ രീതിയിൽ വറ്റാൻ കാരണമെന്ന് കർഷകർ പറയുന്നു. മഴ കനിഞ്ഞെങ്കിൽ മാത്രമേ കർഷകർക്ക് ആശ്വാസം ലഭിക്കൂ. ഈ സാഹചര്യത്തിൽ കൃഷി വകുപ്പും റവന്യു വകുപ്പും നൽകുന്ന സബ്സിഡികൾ കർഷകർക്ക് എത്രയും വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി കോൾ കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒരു ഏക്കർ കൃഷി ഇറക്കാൻ കർഷകൻ 45,000 രൂപയോളം ചെലവാക്കിയിട്ടുണ്ട് ഇത് നഷ്ടമാകുന്ന അവസ്ഥയാണ് നിലവിൽ.
വേണം ശാശ്വത പരിഹാരം
നൂറടിതോട് ആഴം കൂട്ടിയാലേ പൊന്നാനി കോൾ മേഖലക്ക് സുലഭമായി വെള്ളം ലഭിക്കൂ .
ചമ്രവട്ടം പദ്ധതി ചോർച്ചയില്ലാതെ വെള്ളം ശേഖരിച്ചു നിറുത്താൻ കഴിഞ്ഞാൽ പൊന്നാനി കോൾ മേഖലയ്ക്ക് വലിയ ഗുണം ചെയ്യും.
കോടികൾ ചെലവഴിച്ചു എന്നല്ലാതെ പൊന്നാനി കോൾ മേഖലയ്ക്ക് ചമ്രവട്ടം പദ്ധതി കൊണ്ട് കാര്യമായ നേട്ടം കൈവരിക്കാൻ നാളിതു വരെ സാധിച്ചിട്ടില്ല.
സർക്കാർ എത്രയും വേഗം പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കണമെന്നാണ് കോൾ കർഷക സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.
പൊന്നാനി കോൾ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഇനിയും വരേണ്ടതുണ്ട് . പൊന്നാനി കോൾ മേഖലയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ ഇടപെടണം
ശ്രീകുമാർ പെരുമുക്ക്, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |