SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

മോഡേൺ ലുക്കിൽ മഹീന്ദ്ര ഉഡോ ഇ ഓട്ടോ

Increase Font Size Decrease Font Size Print Page
udo1

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാണിജ്യവാഹന നിർമ്മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് ഉഡോ എന്ന പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കി. ഹിന്ദിയിൽ ഉഡാൻ എന്നാൽ പറക്കുക എന്നാണ് അർത്ഥം. വിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'ഉഡോ' ഓട്ടോപ്ലെയിൻ ആയാണ് വിഭാവനം ചെയ്തത്. 3,84,299 രൂപയാണ് എക്‌സ്‌ഷോറൂം വില. പരിമിത കാലത്തേയ്ക്ക് 3,58,999 രൂപയ്ക്ക് ലഭ്യമാകും.

പരമ്പരാഗത ഓട്ടോ ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമാണ് 'ഉഡോ'. മഹീന്ദ്രയുടെ ചീഫ് ഡിസൈൻ ആൻഡ് ക്രിയേറ്റീവ് ഓഫീസർ പ്രതാപ് ബോസും സംഘവുമാണ് 'ഉഡോ'യുടെ ആധുനികരൂപത്തിന് പിന്നിൽ. ആകർഷകവും വായുഗതിക്ക് അനുയോജ്യവുമായ രൂപഭംഗിയാണ് നൽകിയത്. ബോൾഡ് ഹെഡ്‌ലാമ്പുകൾ, സ്‌റ്റൈലിഷ് മിററുകൾ, വലിയ വിൻഡ്ഷീൽഡ് എന്നിവ ആകർഷകമാക്കുന്നു. ഡ്രൈവർക്കായി പൈലറ്റ് സീറ്റ് എന്ന് വിളിക്കപ്പെടുന്ന സുഖപ്രദമായ സീറ്റും യാത്രക്കാർക്ക് വിശാലമായ ഫസ്റ്റ് ക്ലാസ് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.

11.7 കെ.ഡബ്ല്യു.എച്ച് ലിഥിയം അയൺ ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. 10 കിലോവാട്ട് പീക്ക് പവറും 52 എൻ.എം ടോർക്കും നൽകുന്നു. ഒറ്റച്ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 55 കിലോമീറ്ററാണ് പരമാവധി വേഗത. ഒന്നരലക്ഷം കിലോമീറ്റർ അല്ലെങ്കിൽ ആറുവർഷത്തെ വാറന്റി ലഭിക്കും. റേഞ്ച്, റൈഡ്, റേസ് എന്നിങ്ങനെ സ്മാർട്ട് ഡ്രൈവ് മോഡുകളുണ്ട്. വാഹനത്തിന്റെ നിയന്ത്രണം സുഗമമാക്കുന്ന റിവേഴ്‌സ് ത്രോട്ടിൽ, ക്രീപ്പ് മോഡ് എന്നിവ ഈ സെഗ്‌മെന്റിൽ ആദ്യമാണ്.

ഓട്ടോറിക്ഷകളിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഞങ്ങളുടെ വിശ്വാസത്തെയാണ് പൂർണമായും പുനർ രൂപകല്പന ചെയ്ത മഹീന്ദ്ര ഉഡോ പ്രതിഫലിപ്പിക്കുന്നത്.

സുമൻ മിശ്ര

മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ

മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ്

TAGS: BUSINESS, MAHINDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY