
കണ്ണൂരിൽ രജിസ്റ്റർ ചെയ്തത് 3497 കേസുകൾ
കണ്ണൂർ: ആരുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും തണലായി കുടുംബശ്രീ ജെൻഡർ ഹെൽപ്പ് ഡെസ്‌ക് സ്‌നേഹിത. ജില്ലയിൽ സ്‌നേഹിത ആരംഭിച്ച് ഒമ്പത് വർഷം പിന്നിടുമ്പോൾ ഇതുവരെ രജിസ്റ്റർ ചെയ്തത് 3497 കേസുകൾ. അക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും 24 മണിക്കൂറും സഹായവും താത്കാലിക അഭയവും നൽകുന്ന കുടുംബശ്രീ പദ്ധതിയാണ് സിനേഹിത. ഇതിനോടകം 716 പേർക്ക് താൽക്കാലിക അഭയവും സ്‌നേഹിത ഒരുക്കിയിട്ടുണ്ട്. 2900 പേർക്ക് കൗൺസലിംഗ് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരികയും ചെയ്തിട്ടുണ്ട്
2025 -26 സാമ്പത്തിക വർഷം 436 കേസുകളാണ് സ്‌നേഹിതയിൽ റിപ്പോർട്ട് ചെയ്തത്. എ.സി.പി -ഡിവൈ.എസ്.പി ഓഫീസുകളിലുള്ള സ്‌നേഹിത എക്‌സ്റ്റൻഷൻ സെന്ററുകളിൽ മാത്രം 313 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 422 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കുകയും ഉപജീവനത്തിനും അതിജീവനത്തിനും സാദ്ധ്യമാകുന്ന പിന്തുണ നൽകുകയുമാണ് സ്‌നേഹിതയിലൂടെ ചെയ്തു വരുന്നത്. അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായം സ്‌നേഹിത നൽകുന്നു.
കുടുംബശ്രീ മിഷൻ 2017 ഡിസംബർ 16നാണ് സ്‌നേഹിത ജൻഡർ ഹെൽപ് ഡെസ്‌ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്കിൽ കൗൺസിലിംഗ്, ടെലി കൗൺസിംലിംഗ് സേവനം ലഭ്യമാണ്.
ജില്ലയിലെ എല്ലാ എ.സി.പി-ഡിവൈ.എസ്.പി ഓഫീസുകളിലും സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ആറളം പട്ടിക വർഗ പുനരധിവാസ മേഖലയുമായി ബന്ധപ്പെട്ട ഇടപെടൽ നടത്തുന്നതിന് സ്‌നേഹിതയുടെ സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്.
63 ജെൻഡർ റിസോഴ്‌സ് സെന്ററുകൾ
സ്‌നേഹിതയുടെ സേവനം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്നതിനായി ജില്ലയിൽ 63 ജെൻഡർ റിസോഴ്‌സ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കൗൺസിലർമാർ ഇവിടെ സേവനത്തിനുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് സ്‌നേഹിത @ സ്‌കൂൾ ആരംഭിക്കുകയും ജെൻഡർ ക്ലബുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിറ്റി കൗൺസിലർമാർ വഴി കുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ മനസിലാക്കുകയും ബോധവത്കരണ ക്ലാസുകളും കൗൺസിലിംഗ് സേവനങ്ങളും നൽകുന്നുമുണ്ട്.
സ്‌നേഹിതയുടെ സേവനങ്ങൾ
24 മണിക്കൂറും പ്രവർത്തിക്കുന്ന ലിംഗ സഹായ ഡെസ്‌ക്.
അതിക്രമങ്ങളും അക്രമങ്ങളും നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഹ്രസ്വകാല താമസ സൗകര്യം.
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഹ്രസ്വകാല താമസം.
കുടുംബം, വ്യക്തി, കൗമാരക്കാർ എന്നിവർക്ക് വിവാഹപൂർവ കൗൺസിലിംഗ്.
മറ്റ് വകുപ്പുകളുമായും എൻ.ജി.ഒകളുമായും സംയോജിച്ച് പുനരധിവാസം.
ബോധവത്കരണ കാമ്പെയ്നുകൾ.
നിയമ, വൈദ്യ സഹായം.
24 മണിക്കൂർ ടെലി കൗൺസിലിംഗ്
സ്‌നേഹിതയുടെ സേവനങ്ങൾക്കായി: 0497 2721817, 9188939700
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |