SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.39 PM IST

കടബാദ്ധ്യത,​ പുരസ്കാര ജേതാവായ കർഷകൻ ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
karshakan-photo

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കാർഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പച്ചക്കറി കർഷകനുള്ള പുരസ്‌കാരം നേടിയ ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (62) കീടനാശിനി കഴിച്ച് ജീവനൊടുക്കി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 11ന് കൃഷിയിടത്തിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
39 വർഷമായി കൃഷിയെ മാത്രം ജീവിതോപാധിയായി കണ്ടിരുന്ന ഏലിയാസ് 12 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പാവൽ, വാഴ, പയർ, പടവലം, വെണ്ട എന്നിവ കൃഷി ചെയ്തിരുന്നു. വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി 40 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ വർഷം വിളനാശവും പച്ചക്കറികളുടെ വിലയിടിവും പ്രതിസന്ധി രൂക്ഷമാക്കി. നല്ലൊരു കർഷകനായിട്ടും സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കാതിരുന്നത് ഏലിയാസിന് കടുത്ത മാനസിക സംഘർഷമുണ്ടാക്കിയെന്ന് സുഹൃത്തുക്കൾ പറയുന്നു. ധന സഹായത്തിനായി കുറച്ചു നാളുകളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു.
കർഷകരോടും കാർഷിക മേഖലയോടുമുള്ള സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും അനാസ്ഥയാണ് കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറി കൃഷിക്കാരനായിരുന്ന ഏലിയാസ് അമ്പാട്ട് ജീവനൊടുക്കാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുകയും സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുകയും വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പെരിങ്ങോം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സം​സ്കാ​രം​ ​ഇന്ന് ​രാ​വി​ലെ​ 10​ന് ​കോ​ഴി​ച്ചാ​ൽ​ ​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​സ് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യിൽ. ഭാര്യ: ലൈസമ്മ. മക്കൾ: റോബിൻ, റോഷ്ന. മരുമകൻ: ലിജേഷ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY