
ദിസ്‌പുർ: അസമിലെ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേൻ കുമാർ ബോറ പാർട്ടിയിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഭൂപേൻ രാജി സമർപ്പിച്ചത്. മണിക്കൂറുകൾക്കുശേഷം രാജി പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കാണ് ഭൂപൻ ബോറ രാജിക്കത്ത് അയച്ചത്. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും ബോറ രാജിക്കത്തിൽ പറഞ്ഞിരുന്നു.
2021 മുതൽ 2025വരെ അസം കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു ഭൂപേൻ ബോറ. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ. 1994 മുതൽകോൺഗ്രസിൽ പ്രവർത്തിക്കുന്നയാളാണ് ബോറ.
'ഇതിൽ കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഉചിതമായ സമയത്ത് മാദ്ധ്യമങ്ങളെ കാണും. എല്ലാം അപ്പോൾ വിശദമായി പറയാം. രഹസ്യമായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. 32 വർഷമായി ഞാൻ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്നു. പാർട്ടിയുടെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഹെെക്കമാൻഡിലേക്ക് അയച്ച രാജിക്കത്തിൽ എന്റെ കാരണങ്ങൾ എല്ലാം വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു പാർട്ടിലേയ്ക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. രാജിയിലൂടെ രാഷ്ട്രീയത്തോട് ഞാൻ വിടപറയുന്നില്ല'- എന്നാണ് മാദ്ധ്യമങ്ങളോട് ബോറ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |