SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.16 PM IST

'ഒരക്ഷരം മിണ്ടരുത്'; പാകിസ്ഥാനുമായുള്ള ട്വന്റി-20യിൽ ക്യാപ്ടന്റെ കർശന നിർദേശം, കാരണം

Increase Font Size Decrease Font Size Print Page
suryakumar-yadav

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ആവേശപ്പോരിൽ പാകിസ്ഥാനെ 61റൺസിന് തകർത്താണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയത്. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിങ്ങിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ഇതോടെ ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരായ ഒമ്പതിൽ എട്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചു.


ഇപ്പോഴിതാ മത്സരത്തിനിടെ താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ടീമംഗങ്ങൾക്ക് നൽകിയ നിർദ്ദേശമാണ് ശ്രദ്ധേയമായത്. പാകിസ്ഥാൻ താരങ്ങളെ സ്ലെഡ്ജ് (കളിയാക്കുക/പ്രകോപിപ്പിക്കുക) ചെയ്യരുതെന്നും പകരം മികവ് കൊണ്ട് മറുപടി നൽകണമെന്നും സൂര്യകുമാർ ടീമംഗങ്ങളോട് ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ ബിസിസിഐയാണ് പുറത്തുവിട്ടത്.


'മത്സരത്തിൽ ഊർജ്ജസ്വലതയും വേഗതയും നിലനിർത്തുക. ആരോടും ഒന്നും മിണ്ടരുത്. മികച്ച ക്രിക്കറ്റാണ് നമുക്ക് കളിക്കേണ്ടത്. കഴിവ് കൊണ്ട് ഈ മത്സരം ജയിക്കാനാകും.' വീഡിയോയിൽ സൂര്യകുമാർ പറഞ്ഞു. ആദ്യം ബാറ്റുചെയ്ത ഓപ്പണർ ഇഷാൻ കിഷന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ വിജയത്തീരത്തെത്തിച്ചത്. 40 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ കിഷൻ ഇന്ത്യയെ 175 എന്ന മികച്ച സ്‌കോറിലെത്തിക്കാൻ സഹായിച്ചു. പാക് ബൗളർമാരെ അടിച്ചുവീഴ്ത്തുന്നതായിരുന്നു കിഷാന്റെ ബാറ്റിംഗ്.

A post shared by Team India (@indiancricketteam)


176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് തുടക്കം മുതൽ ബാറ്റിംഗ് പിഴച്ചിരുന്നു. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പന്തേറിന് മുന്നിൽ പാക് നിര ഒന്നൊന്നായി കൂടാരം കയറുകയായിരുന്നു. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒടുവിൽ 114 റൺസിന് പാകിസ്ഥാനെ ഇന്ത്യ നിലംപരിശാക്കി.


മത്സരത്തിന് മുന്നോടിയായി ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഐസിസിയുടെ ഇടപെടലിനെത്തുടർന്നാണ് മത്സരം നടന്നത്. ചിരവൈരികളായ പാകിസ്ഥാനുമായി ഇന്ത്യ 'നോ ഹാൻഡ്‌ ഷേക്ക്' നയം തുടർന്നപ്പോഴും, മൈതാനത്ത് കളിക്കാർ തമ്മിൽ മറ്റ് തർക്കങ്ങളൊന്നും ഉണ്ടാകാതിരുന്നതും ശ്രദ്ധേയമായി.

TAGS: NEWS 360, SPORTS, SURYAKUMAR, INDIA, PAKISTAN, WORLDCUP, SUPER 8
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY