SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.00 PM IST

കുടുംബശ്രീ പഠിക്കാൻ തമിഴ്നാട് സംഘം ചെറുവത്തൂരിൽ

Increase Font Size Decrease Font Size Print Page
kudumba
തമിഴ്‌നാട്ടിൽ നിന്ന് കുടുംബശ്രീയെ പഠിക്കാൻ ചെറുവത്തൂരിൽ എത്തിയ സംഘത്തിലെ അംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉപഹാരം സമ്മാനിക്കുന്നു

ചെറുവത്തൂർ: കേരളത്തിലെ കുടുംബശ്രീ സംവിധാനം പഠിക്കാനും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലെ മുന്നേറ്റം നേരിട്ടറിയാനും തമിഴ്‌നാട്ടിൽ നിന്നുള്ള നാല് സംഘങ്ങൾ കേരളത്തിലെത്തി. കാസർകോട്, ഇടുക്കി, വയനാട്, കൊല്ലം ജില്ലകളിലാണ് വനിതകളുടെ സംഘം എത്തിയത്.

കാസർകോട് ജില്ലയിൽ ഇന്നലെയെത്തിയ 52 പേരടങ്ങിയ സംഘത്തിന് ചെറുവത്തൂർ കുടുംബശ്രീ സി.ഡി.എസിൽ ഊഷ്മളായ സ്വീകരണം നൽകി. ഈറോഡ്, കൃഷ്ണഗിരി, നാമക്കൽ എന്നീ ജില്ലകളിലെ ഗോപിചെട്ടിപാളയം, കേളമംഗലം, പാരാമതി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്ത് പരിധികളിൽ നിന്നുള്ള എസ്.എച്ച്.ജികളിലെ അംഗങ്ങളാണ് ചെറുവത്തൂരിൽ എത്തിയത്.

സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി, തമിഴ്നാട് സർക്കാരിന്റെ 'മണിമേഘല' അവാർഡ് വാങ്ങിയ മൂന്ന് പേരും, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആറു പേരും പ്രായമായ വനിതകളും ഉൾപ്പെടെയുള്ളവരാണ് സംഘത്തിൽ ഉള്ളത്. വിശ്രമത്തിനും ഉച്ചഭക്ഷണത്തിനും ശേഷം സി.ഡി.എസ് ഹാളിൽ ഒത്തുകൂടിയാണ് ആശയവിനിമയം നടത്തിയത്.

കുടുംബശ്രീ, അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നൊക്കെ പറഞ്ഞാൽ എന്താണ് എന്നായിരുന്നു അംഗങ്ങൾ ചോദിച്ചത്.

തമിഴ്‌നാട്ടിൽ സ്ത്രീകളുടെ കൂട്ടായ്മയെ 'മകളിർ സൂയ ഉദവികേളു' എന്നാണ് അറിയപ്പെടുന്നത്. കൂട്ടായ്മ രൂപീകരിച്ചുള്ള പ്രവർത്തനം ഒരുപോലെ ആണെങ്കിലും കേരളത്തിലെ കുടുംബശ്രീ ഘടനയല്ല തമിഴ്‌നാട്ടിലെന്ന് അനുഭവങ്ങൾ പങ്കിട്ട അംഗങ്ങൾ പറഞ്ഞു. 'ബാങ്കിൽ പോകാൻ പോലും അറിയാതിരുന്ന ഞങ്ങൾക്ക് സ്വന്തമായി എല്ലാം ചെയ്യാനുള്ള അവസരം ഒരുക്കിയതും വായ്പകൾ നൽകി സംരംഭങ്ങൾ തുടങ്ങി പട്ടിണി മാറ്റാൻ വഴിയൊരുക്കിയതും അവിടത്തെ സർക്കാർ ഈ വനിതാ കൂട്ടായ്മ തുടങ്ങിയതിന് ശേഷമാണ്...' സംഘത്തിലുണ്ടായിരുന്ന അവാർഡ് ജേതാക്കൾ തുറന്നു പറഞ്ഞു.

ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, വൈസ് പ്രസിഡന്റ് മിനി മോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി റീന, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ്, മെമ്പർ സെക്രട്ടറി കെ.വി വിനയരാജ്, വൈസ് ചെയർപേഴ്സൺ പ്രേമ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

തമിഴ്‌നാട് സ്വദേശിയായ ചെറുവത്തൂർ കണ്ണംങ്കൈയിലെ കുടുംബശ്രീ പ്രവർത്തക ജയപ്രിയ സംഘത്തെ പരിചയപ്പെടുത്തി. ജില്ലാ മിഷൻ കോഓഡിനേറ്റർ കിഷോർ, ഡി.പി.എം രേഷ്മ, ബി.സി ദിവ്യ, കാവ്യ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചെറുവത്തൂർ കുടുംബശ്രീയുടെ ഉപഹാരവും പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. വൈകുന്നേരം സംഘം വലിയപറമ്പിലേക്ക് പോയി. രണ്ടു ദിവസം കൂടി സംഘം ജില്ലയിലുണ്ടാകും.

TAGS: LOCAL NEWS, KASARGOD, KUDUMBASRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.